കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ശാശ്വതമായി രേഖപ്പെടുത്തപ്പെട്ട പേരുകളിലൊന്നാണ് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, നിയമസഭാംഗം, നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം കാഴ്ചവച്ച നേതൃത്വവും ദീർഘവീക്ഷണവും കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. വ്യക്തിപ്രശസ്തിയേക്കാൾ സമൂഹത്തിന്റെ പുരോഗതിക്കായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹം വിടവാങ്ങി എൺപത്തിയാറ് വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സേവനങ്ങൾ ചരിത്രത്തിന്റെ താളുകളിൽ മായാതെ നിലനിൽക്കുന്നു.
1877 മാർച്ച് 15-ന് (1052 മീനം 3) ചങ്ങനാശ്ശേരിവാഴപ്പള്ളി വടക്കേക്കര പുത്തോട്ട് വീട്ടിൽനാരായണപിള്ളയുടെയും മണക്കാട്ട് വീട്ടിൽ നാരായണിഅമ്മയുടെയും മകനായിഅദ്ദേഹം ജനിച്ചു. പാരമ്പര്യവും വിദ്യാഭ്യാസബോധവുമുള്ള കുടുംബാന്തരീക്ഷത്തിലാണ് ബാല്യം ചെലവഴിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് കോട്ടയം സി.എം.എസ്. കോളേജിലും തിരുവനന്തപുരം മഹാരാജാസ് കോളേജിലും ഉപരിപഠനം നടത്തി. പഠനകാലത്തുതന്നെ കൂർമ്മബുദ്ധിയും നേതൃത്വപാടവവും കൊണ്ട് ശ്രദ്ധേയനായിരുന്നു. 1897-ൽ ബി.എ. ബിരുദം നേടിയ ശേഷം നിയമപഠനം പൂർത്തിയാക്കി തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകപരിശീലനം നേടി.
അഭിഭാഷകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതം സത്യസന്ധതയുടെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നു. തിരുവനന്തപുരം ഹൈക്കോടതിയിൽ പരിശീലനം നേടിയ അദ്ദേഹം പിന്നീട് ചങ്ങനാശ്ശേരിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. നിയമത്തിന്റെ അക്ഷരങ്ങൾ മാത്രം വ്യാഖ്യാനിക്കുന്ന അഭിഭാഷകനല്ല, സാമൂഹിക നീതിക്കുവേണ്ടി നിയമത്തെ പ്രയോജനപ്പെടുത്താൻ ശ്രമിച്ച പൊതുപ്രവർത്തകനുമായിരുന്നു അദ്ദേഹം.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളസമൂഹം ജാതിവ്യവസ്ഥയുടെയും സാമൂഹിക അസമത്വങ്ങളുടെയും പിടിയിലായിരുന്നു. വിദ്യാഭ്യാസമില്ലായ്മയും സംഘടനാരാഹിത്യവും സമൂഹത്തിന്റെ വളർച്ചയ്ക്ക് തടസ്സമായിരുന്നു. ഈ യാഥാർഥ്യം മനസ്സിലാക്കിയ പരമേശ്വരൻപിള്ള, വിദ്യാഭ്യാസവും സംഘടനാശക്തിയും മാത്രമാണ് സമൂഹത്തിന്റെ മോചനമാർഗമെന്ന് ഉറച്ചുവിശ്വസിച്ചു. ഈ വിശ്വാസമാണ് അദ്ദേഹത്തെ സമാനചിന്താഗതിക്കാരോടൊപ്പം സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിലേക്ക് നയിച്ചത്.
ഈ കാലഘട്ടത്തിലാണ് അദ്ദേഹം മന്നത്ത് പത്മനാഭനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്. ഇരുവരുടെയും ലക്ഷ്യം ഒന്നായിരുന്നു—സമൂഹത്തിന്റെ ഉന്നമനം. ഒരാളുടെ ദീർഘവീക്ഷണവും മറ്റേയാളുടെ സംഘാടനമികവും ചേർന്നപ്പോൾ പിന്നീട് കേരളചരിത്രത്തെ തന്നെ സ്വാധീനിച്ച ഒരു മഹാപ്രസ്ഥാനത്തിന് രൂപം ലഭിച്ചു.
നായർ സർവീസ് സൊസൈറ്റിയുടെരണ്ടാമത്തെ പ്രസിഡൻ്റ് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയായിരുന്നു. ഇത് ഒരു സ്ഥാനലബ്ധി മാത്രമായിരുന്നില്ല; അദ്ദേഹത്തിന്റെ സംഘടനാപാടവത്തിനും ജനവിശ്വാസത്തിനും ലഭിച്ച അംഗീകാരമായിരുന്നു. സംഘടനയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിലും പ്രവർത്തനരീതി ക്രമീകരിക്കുന്നതിലും ശാഖകൾ സ്ഥാപിക്കുന്നതിലും സാമ്പത്തിക അടിത്തറ ഉറപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. പിന്നീട് വൈസ് പ്രസിഡന്റായും പ്രസിഡന്റായും വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്തി.
അദ്ദേഹം വിദ്യാഭ്യാസത്തെ സമൂഹപരിഷ്കരണത്തിന്റെ ഏറ്റവും ശക്തമായ ആയുധമായി കണ്ടു. ചങ്ങനാശ്ശേരി വിദ്യാസമാജത്തിന്റെ വളർച്ചയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം, വികസനം എന്നിവയിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പിന്നീട് എൻ.എസ്.എസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും ശക്തമായ അടിത്തറയായി.
രാഷ്ട്രീയരംഗത്തും പൊതുജീവിതത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1906 മുതൽ 1913 വരെയുംശ്രീമൂലം പ്രജാസഭയിൽ 1914 മുതൽ 20 വരെയും 1922 മുതൽ 1928 വരെയുംശ്രീമൂലം അസംബ്ലിയിൽ 1933 മുതൽ 1937 വരെയുംദീർഘകാലംഅംഗമായി പ്രവർത്തിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ശ്രദ്ധ ചെലുത്തി. ദേവസ്വം ഭരണസമിതികളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും അംഗമായി സേവനമനുഷ്ഠിച്ച അദ്ദേഹം കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും പ്രാധാന്യം നൽകി.
സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു. ഹരിജനോദ്ധാരണം, വിദ്യാഭ്യാസവ്യാപനം, ക്ഷേത്രപ്രവേശനത്തിനുള്ള അനുകൂല നിലപാട്, സാമൂഹിക ഐക്യം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പുരോഗമനപരമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ജീവിതം ഒരു സമൂഹനേതാവിന്റെതായിരുന്നു; സമൂഹത്തെ വിഭജിക്കുന്നതിനല്ല, ഒന്നിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം.
പരമേശ്വരൻപിള്ളയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിനയവും സൗമ്യതയുമായിരുന്നു. അധികാരപദവികൾ അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും സംഘടനയുടെ നന്മയ്ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യാനും സഹപ്രവർത്തകരെ കൂട്ടിയിണക്കാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ സമകാലികരുടെ ആദരവും വിശ്വാസവും അദ്ദേഹം നേടിയെടുത്തു. 1927 ൽഅദ്ദേഹം തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു 1933 ൽസർവീസിൽ നിന്ന് വിരമിച്ചു.
1940 ജൂൺ 30-ന് അദ്ദേഹം അന്തരിച്ചപ്പോൾ കേരളത്തിന് നഷ്ടമായത് ഒരു അഭിഭാഷകനെയോ ഒരു സംഘടനാനേതാവിനെയോ മാത്രമായിരുന്നില്ല; നവോത്ഥാനചിന്തകളെ പ്രവർത്തിയിലൂടെ ജനങ്ങളിലെത്തിച്ച ഒരു കർമയോഗിയെയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മന്നത്ത് പത്മനാഭൻ രേഖപ്പെടുത്തിയ അനുശോചനവാക്കുകൾ അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്. “ചങ്ങനാശ്ശേരി നിലനിൽക്കുന്നിടത്തോളം പരമേശ്വരൻപിള്ളയുടെ സ്മരണയും നിലനിൽക്കും” എന്ന ആശയം ചരിത്രത്തിന്റെ വിധിയെഴുത്തായി മാറിയിരിക്കുന്നു.
ഇന്ന്, അദ്ദേഹത്തിന്റെ 86-ാം സ്മൃതിദിനത്തിൽ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയെ സ്മരിക്കുന്നത് ഒരു വ്യക്തിയെ മാത്രമല്ല; സേവനത്തിന്റെയും സംഘടനയുടെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങളെ കൂടിയാണ്. നവകേരളത്തിന്റെ നിർമ്മാണത്തിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച ഈ മഹത് വ്യക്തിത്വം ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാണ്.
“പദവികൾ ചരിത്രത്തിൽ രേഖപ്പെടും; സേവനങ്ങളാണ് ജനഹൃദയങ്ങളിൽ അനശ്വരമാകുന്നത്.” ആ അർഥത്തിൽ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള എന്ന പേര് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ എന്നും തിളങ്ങി നിൽക്കും. പൂഴ വാതിൽ തയപ്പറമ്പുവീട്ടിൽഅമ്മുക്കുട്ടി അമ്മയാണ് ചങ്ങനാശേരിപരമേശ്വരൻ പിള്ളയുടെ ഭാര്യ..
ആ മഹാനുഭാവിന്റെ 86-ാം സ്മൃതിദിനത്തിൽസ്മരണാഞ്ജലികൾ ..
