തിരുവനന്തപുരം :ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ‘സ്വച്ഛത ഹി സേവ’ (ശുചിത്വം തന്നെ സേവനം) എന്ന സന്ദേശം നൽകിക്കൊണ്ട് കോളേജിലെ എൻഎസ്എസ്, എൻ സി സി യൂണിറ്റുകൾ, റിലയൻസ് ഫൗണ്ടേഷൻ, വഴുതക്കാട് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
കാർഷിക കോളേജ് ഡീൻ ഡോ. തോമസ് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് ഓഫീസർ ഡോ. സംഗീത കെ ജി, എൻസിസി ഓഫീസർ ഡോ. പ്രതീഷ് പി ഗോപിനാഥ്, അധ്യാപകരായ ഡോ. വിശ്വേശ്വരൻ എസ്, ഡോ. രാധിക എൻ എസ്, നിവേദിത എം എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.
ഇരുന്നൂറോളം വരുന്ന എൻസിസി, എൻഎസ്എസ്, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങൾ, ഹോസ്റ്റൽ പരിസരം, കായൽ തീരം എന്നിവടങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
