കേരളീയനായ പ്രമുഖ ചിത്രകാരനായിരുന്നു എം. രാമവർമ്മരാജ. ലോകപ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെ രണ്ടാമത്തെ പുത്രനായ അദ്ദേഹം ബോംബെയിലെ ജെ. ജെ. സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല അഭ്യസിച്ചു. കുറച്ചുകാലം പിതാവായ രാജാ രവിവർമ്മയുടെ സഹായിയായും പ്രവർത്തിച്ചു.
മാവേലിക്കരയിലെ ‘രവിവിലാസ്’ എന്ന സ്വന്തം സ്റ്റുഡിയോയിൽ അദ്ദേഹം നിരവധി ശ്രദ്ധേയമായ കലാസൃഷ്ടികൾ നടത്തി. തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗ്യാലറിയിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുവരുന്നു.
1915-ൽ മാവേലിക്കരയിൽ രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഫൈൻ ആർട്സ് കോളേജിന്റെ പ്രധാന കെട്ടിടമായിരുന്ന ‘കൊച്ചു കൊട്ടാരവും’ അതിനോടനുബന്ധിച്ച സ്ഥലവും പിന്നീട് കേരള സർക്കാരിന് കൈമാറി. ഈ കലാലയം പിന്നീട് കേരളത്തിലെ ചിത്രകലാ രംഗത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്തു. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ശങ്കർ, അബു ഏബ്രഹാം, പി. ജെ. ചെറിയാൻ, സി. പി. ബാലൻ നായർ, സി. എൽ. പൊറിഞ്ചുക്കുട്ടി തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ സംഭാവനകളിൽപ്പെടുന്നു.
1924 മുതൽ 1935 വരെ മാവേലിക്കര മുനിസിപ്പാലിറ്റി ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം 1931–1932 കാലഘട്ടത്തിൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചു.
കേരള ലളിതകലാ അക്കാദമിയുടെ പ്രഥമ ചെയർമാനായി 1962–63 കാലഘട്ടത്തിൽ പ്രവർത്തിച്ച അദ്ദേഹം തിരുവിതാംകൂർ സ്കൗട്ട് കമ്മീഷണർ എന്ന നിലയിലും ശ്രദ്ധേയമായ സേവനം നടത്തി. 1967-ൽ കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചു.
ചിത്രകലയിലും പൊതുപ്രവർത്തനരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രതിഭാശാലി 1970 ആഗസ്റ്റ് 25-ന് 90-ാം വയസ്സിൽ അന്തരിച്ചു.
