കെ. ജോർജ്ജ് (1883–1959)ഇന്ന് 67-ാം സ്മൃതി ദിനം …സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

തിരുവിതാംകൂർ ഗവൺമെന്റിൽ ദീർഘകാലം ചീഫ് സെക്രട്ടറിയായും, വിവിധ സുപ്രധാന ഭരണചുമതലകൾ വഹിച്ചും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു കെ. ജോർജ്ജ്.
1883-ൽ കോട്ടയത്ത് ജനിച്ച അദ്ദേഹം കോട്ടയം സി.എം.എസ്. കോളേജിൽ നിന്ന് എഫ്.എ.യും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ.യും മികച്ച വിജയം നേടി. 1904 മാർച്ച് മുതൽ ജൂലൈ വരെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ തന്നെ ട്യൂട്ടറായി സേവനമനുഷ്ഠിച്ചു.
1904 ആഗസ്റ്റിൽ മദ്രാസ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ സെക്കൻഡ് ഗ്രേഡ് ക്ലാർക്കായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. 1910 ഫെബ്രുവരിയിൽ തിരുവിതാംകൂർ ഗവൺമെന്റിൽ അസിസ്റ്റന്റ് ഓഫീസറായി നിയമിതനായി.
1918 കുംഭം 8-ന് ചീഫ് അക്കൗണ്ടന്റായും എക്സ് ഒഫിഷ്യോ ഫിനാൻഷ്യൽ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. തുടർന്ന് 1926 ഇടവം 23-ന് തിരുവിതാംകൂർ ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായി. 1933 വരെ അദ്ദേഹം ആ സുപ്രധാന പദവിയിൽ തുടർന്നു.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം തിരുവിതാംകൂർ ലാൻഡ് റവന്യൂ & ഇൻകം ടാക്സ് കമ്മീഷണറായി നിയമിതനായി. 1938-ൽ ഔദ്യോഗിക സേവനത്തിൽ നിന്ന് പെൻഷൻ പറ്റി.
ഭരണരംഗത്തെ ഔദ്യോഗിക ചുമതലകൾക്കപ്പുറം തിരുവിതാംകൂറിന്റെ നിയമനിർമ്മാണ ചരിത്രത്തിലും കെ. ജോർജ്ജിന് ശ്രദ്ധേയമായ സ്ഥാനമുണ്ട്. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി 1920 മുതൽ 1932 വരെയും, ശ്രീമൂലം അസംബ്ലിയിൽ 1933 മുതൽ 1944 വരെയും, ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിലിൽ 1933 മുതൽ 1937 വരെയും അദ്ദേഹം അംഗമായിരുന്നു.
എല്ലാവരോടും സമചിത്തതയോടും ദയയോടും പെരുമാറിയിരുന്ന, കുശാഗ്രബുദ്ധിയും ഭരണപാടവവും ഒത്തുചേർന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു കെ. ജോർജ്ജ്. നീണ്ട ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം പുലർത്തിയ നീതിബോധവും മാനുഷിക സമീപനവും അദ്ദേഹത്തെ സഹപ്രവർത്തകരുടെയും പൊതുസമൂഹത്തിന്റെയും ആദരവിന് അർഹനാക്കി.
1959 ആഗസ്റ്റ് 9-ന്, 76-ാം വയസ്സിൽ, കെ. ജോർജ്ജ് അന്തരിച്ചു.
തിരുവിതാംകൂറിന്റെ ഭരണചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പ്രഗത്ഭ ഭരണാധികാരിയുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..