എ.കെ. ബാലന്റെ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും അഡ്ജസ്റ്റ് രാഷ്ട്രീയത്തിന്റെ തുറന്നുപറച്ചിലും: ബിജെപി1 min read

 

തിരുവനന്തപുരം: കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയത്തിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ യു.ഡി.എഫ് മന്ത്രിമാരായ രമേശ് ചെന്നിത്തലയെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ബാധിക്കുമെന്നും, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്നാൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയുമെന്നും സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് തുറന്നുപറച്ചിലും ആണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ യു.ഡി.എഫ് മന്ത്രിമാർ കുടുങ്ങുമെന്നും, രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിണറായി വിജയൻ രക്ഷപ്പെടുമെന്നും പറയുന്നതിലൂടെ എന്ത് തരത്തിലുള്ള രാഷ്ട്രീയ ധാരണയാണ് നിലനിൽക്കുന്നതെന്ന് എ.കെ. ബാലൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. പിണറായി വിജയനെയും മകളെയും മരുമകനെയും സംരക്ഷിക്കുന്നതിനായി യു.ഡി.എഫ് സർക്കാരിനുമേൽ സി.പി.എം സമ്മർദ്ദം ശക്തമാക്കുകയാണ് .

ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെയും ‘മാച്ച് ഫിക്സിങ്’ രാഷ്ട്രീയത്തിന്റെയും വ്യക്തമായ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട സംസ്ഥാന ഏജൻസികൾ നടപടി സ്വീകരിക്കാതെ മാറിനിൽക്കുന്നതിന് പിന്നിലെ രാഷ്ട്രീയ സാഹചര്യം എ.കെ. ബാലന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുകയാണ്.

“ഞങ്ങൾ മാത്രമല്ല, നിങ്ങളും അഴിമതിയിൽ പ്രതികളാണ്” എന്ന സന്ദേശമാണ് എ.കെ. ബാലന്റെ വാക്കുകളിലുള്ളത്. കേസ് അന്വേഷിച്ചാൽ യു.ഡി.എഫ് നേതാക്കൾ കുടുങ്ങുമെന്നും അതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാനാകില്ല. ആരെങ്കിലും കുറ്റക്കാരാണെങ്കിൽ നിയമനടപടി നേരിടുകയും നിരപരാധികളാണെങ്കിൽ അന്വേഷണത്തിലൂടെ അത് തെളിയുകയും വേണം.

അന്വേഷണം നടത്തേണ്ട സർക്കാർ തന്നെ രാഷ്ട്രീയ ഒത്തുതീർപ്പിന്റെ ഭാഗമായി നടപടി ഒഴിവാക്കുന്നുവെന്ന ആരോപണം ഗുരുതരമാണ്.

എക്‌സാലോജിക് വിഷയത്തിൽ ലഭ്യമായ രേഖകളും അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളും പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് അന്വേഷണം നടത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് അവസാനിപ്പിച്ച്, ആരെയും സംരക്ഷിക്കാത്ത നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കണമെന്നും അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.