സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ ജയിലറകൾക്കുള്ളിൽ ചെലവഴിക്കുകയും, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാഷ്ട്രീയജീവിതം ഉപേക്ഷിച്ച് ആത്മീയതയുടെയും സാഹിത്യത്തിന്റെയും വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്ത അപൂർവ വ്യക്തിത്വമായിരുന്നു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനും സംഘാടകനും ഉജ്ജ്വല പ്രാസംഗികനും പത്രപ്രവർത്തകനുമായിരുന്ന വരിഞ്ഞം എൻ. രാഘവൻപിള്ള.
1912 ചിങ്ങമാസത്തിൽ കിഴക്കേകല്ലട വടശ്ശേരി നാരായണപിള്ളയുടെയും കല്ലുവാതുക്കൽ വരിഞ്ഞത്ത് വെട്ടിക്കഴകത്ത് കല്യാണി അമ്മയുടെയും മകനായി ജനിച്ചു. കിഴക്കേകല്ലട ഗവൺമെന്റ് എൽ.പി. സ്കൂളിലും ചവറ ശങ്കരമംഗലം ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം ആർട്സ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായശേഷം മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ബി.എ. ബിരുദം നേടി. അക്കൊല്ലത്തെ മലയാളത്തിലെ രാമക്കുറുപ്പ് അവാർഡും കരസ്ഥമാക്കി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനത്തിന് ചേർന്നു.
നിയമവിദ്യാർത്ഥിയായിരിക്കെയാണ് തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം ആരംഭിച്ചത്. വിദ്യാർത്ഥികൾ ധാരാളമായി പങ്കെടുത്ത ആ സമരത്തിൽ രാഘവൻപിള്ളയും സജീവമായി പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ ആവിർഭാവകാലം മുതൽ അതിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്നു അദ്ദേഹം.
അക്കാലത്ത് സ്റ്റേറ്റ് കോൺഗ്രസിന് തിരുവിതാംകൂറിൽ എട്ട് ഡിവിഷനുകളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊല്ലം–പരവൂർ ഡിവിഷൻ. ഈ പ്രദേശങ്ങളിലും പാരിപ്പള്ളിയിലും നടന്ന സമരപ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിനായി സർ സി.പി. രാമസ്വാമി അയ്യർ ഒരു പ്ലാറ്റൂൺ പോലീസ് സേനയെതന്നെ വിന്യസിച്ചിരുന്നു. ഭരണകൂടത്തിന്റെ മർദനങ്ങളും ഭീഷണികളും വകവയ്ക്കാതെ രാഘവൻപിള്ള സമരരംഗത്ത് ഉറച്ചുനിന്നു.
1938-ലെ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം തിരുവനന്തപുരം സെൻട്രൽ ജയിലിലും വിവിധ ലോക്കപ്പുകളിലുമായി അഞ്ചുവർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു. വ്യക്തിപരമായ സുഖസൗകര്യങ്ങളേക്കാൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും ദേശസ്നേഹത്തിന്റെയും ഉജ്ജ്വല മാതൃകയാണ്.
1936 നവംബർ 12-ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തെത്തുടർന്ന് തിരുവിതാംകൂറിൽ നടന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി 1937 ജനുവരി 12 മുതൽ 21 വരെ തിരുവിതാംകൂർ സന്ദർശിച്ചു.
ജനുവരി 16-ന് വർക്കല ശിവഗിരി മഠം സന്ദർശിച്ചശേഷം ഗാന്ധിജി പാരിപ്പള്ളിയിലെ പൊതുയോഗത്തിലും പങ്കെടുത്തു. ആ ചരിത്രപ്രധാനമായ യോഗത്തിന്റെ സംഘാടകരിൽ വരിഞ്ഞം എൻ. രാഘവൻപിള്ളയും ഉണ്ടായിരുന്നു. കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർ, കെ.എൻ. ഗോപാലക്കുറുപ്പ്, ആർ. അച്യുതൻ (മുൻ എം.എൽ.എയും എം.പി.യും), അഡ്വ. പി. കുഞ്ഞുകൃഷ്ണൻ (മുൻ എം.എൽ.എ), എ.കെ. ഭാസ്കർ (മുൻ എം.എൽ.എ), അഡ്വ. എം.ജി. കോശി എന്നിവരായിരുന്നു മറ്റു സംഘാടകർ. പത്രാധിപർ ടി.കെ. നാരായണൻഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ആ സന്ദർശനത്തിന്റെ സംഘാടകരിൽ ഒരാളാകാൻ കഴിഞ്ഞത് വരിഞ്ഞം എൻ. രാഘവൻപിള്ളയുടെ പൊതുപ്രവർത്തന ജീവിതത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തീർത്ഥാടനയാത്രകളിൽ ഋഷികേശം, ദ്വാരക, കാശ്മീർ, പണ്ഡരീപുരം തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. ഈ ആത്മീയയാത്രകളുടെ ഭാഗമായി ‘ഭുവനേന്ദ്ര തീർത്ഥൻ’ എന്ന സന്യാസനാമവും സ്വീകരിച്ചു.
കൊല്ലം ജില്ലയിലെ വെളിനല്ലൂർ ഗ്രാമത്തിൽ ‘ഓംകാരാശ്രമം’ സ്ഥാപിച്ച് ആത്മീയപ്രവർത്തനങ്ങളിൽ മുഴുകി. ഭഗവദ്ഗീതയെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തുകയും ഭാരതീയ ദർശനങ്ങളുടെയും സംസ്കാരത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾക്കൊപ്പം സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ‘ഹൃദയാഞ്ജലി’, ‘സുഭാഷ് ചന്ദ്രബോസ്’, ‘ഭജഭുവനേന്ദ്രം’, ‘അതാരായിരുന്നു’ (ജീവചരിത്രം) എന്നിവയാണ് പ്രധാന കൃതികൾ. ‘ഹൃദയാഞ്ജലി’ക്ക് മഹാകവി വള്ളത്തോൾ നാരായണമേനോൻ അവതാരിക എഴുതിയിട്ടുണ്ട്. 25-ലധികം നാടകങ്ങളും നിരവധി ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
‘കേരളം’, ‘ധർമ്മദേശം’, ‘നേതാജി’ എന്നീ വാരികകളുടെയും ‘മലയാളി’ ദിനപത്രത്തിന്റെയും പത്രാധിപത്യം വഹിച്ച അദ്ദേഹം എഴുത്തുകാരൻ എന്നതിലുപരി മികച്ച പത്രപ്രവർത്തകനും പൊതുജനാഭിപ്രായ രൂപീകരണത്തിൽ തന്റേതായ പങ്കുവഹിച്ച വ്യക്തിയുമായിരുന്നു.
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരചരിത്രം രേഖപ്പെടുത്തിയ നിരവധി ഗ്രന്ഥങ്ങളിൽ വരിഞ്ഞം എൻ. രാഘവൻപിള്ളയുടെ സമരജീവിതവും ജയിൽവാസവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയുംസാഹിത്യകാരനുമായ സി. നാരായണപിള്ള Ex MLA & Ex MPയുടെ ‘തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രം’, കുമ്പളത്തു ശങ്കുപ്പിള്ളയുടെ ആത്മകഥയായ ‘എന്റെ കഴിഞ്ഞകാലസ്മരണകൾ’, എം.എൻ. ഗോവിന്ദൻനായരുടെ ‘എമ്മെന്റെ ആത്മകഥ’, അഡ്വ. ജി. ജനാർദ്ദനക്കുറുപ്പിന്റെ ‘എന്റെ ജീവിതം’, നാവായിക്കുളം സുകുമാരൻ നായർ എഴുതിയ കെ.കെ. കുഞ്ഞുപിള്ളയുടെ ജീവചരിത്രം, കോഴിശ്ശേരിൽ വി. ലക്ഷ്മൺ സാറിന്റെ ‘കൊല്ലത്തിന്റെ ആധുനിക ചരിത്രം’, ടി.ഡി. സദാശിവൻ സാറിന്റെ ‘കൊല്ലത്തെ സ്വാതന്ത്ര്യസമരസേനാനികൾ’ തുടങ്ങിയ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളുണ്ട്.
ഈ ഗ്രന്ഥപരാമർശങ്ങൾ അദ്ദേഹത്തിന്റെ സമരജീവിതം വ്യക്തിപരമായ ഓർമകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഒരു അധ്യായമാണെന്നും വ്യക്തമാക്കുന്നു.
ഭാരതത്തോടും ഭാരതീയ സംസ്കാരത്തോടും അഗാധമായ ആദരവും മതിപ്പും പുലർത്തിയിരുന്ന യഥാർത്ഥ രാജ്യസ്നേഹിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരരംഗത്തെ നിസ്തുലമായ സേവനങ്ങളെ മാനിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും താമ്രപത്രം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
മരിക്കുന്നതിനുമുമ്പ് പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥത്തിൽ മനുഷ്യജീവിതത്തെക്കുറിച്ച് അദ്ദേഹം രേഖപ്പെടുത്തിയ ചിന്തകൾ ഏറെ ശ്രദ്ധേയമാണ്. കർമങ്ങളുടെ ഭാരവുമായി ജീവിതയാത്ര ആരംഭിച്ച മനുഷ്യൻ, താൻ എവിടെനിന്ന് പുറപ്പെട്ടുവെന്നറിയാതെ, നേർവഴിയിൽനിന്ന് വ്യതിചലിച്ച് പല വഴികളിലൂടെ സഞ്ചരിച്ചിട്ടും മുന്നോട്ടുപോകാൻ വെമ്പുന്ന അവസ്ഥയെയാണ് അദ്ദേഹം വിവരിക്കുന്നത്. ഈശ്വരൻ മഹാമായയിലൂടെ മനുഷ്യനെ മോഹവലയത്തിൽ അകപ്പെടുത്തുന്നു എന്ന ആത്മീയചിന്തയും അതിൽ പ്രതിഫലിക്കുന്നു.
അനന്തരവനായ രാജേന്ദ്രപ്രസാദിനോടൊപ്പം ദീർഘകാലം താമസിച്ചിരുന്ന അദ്ദേഹം 1995 ഒക്ടോബർ 31-ന് അന്തരിച്ചു.
അദ്ദേഹത്തിന്റെ ജീവിതം നൽകുന്ന സന്ദേശം
നിരന്തരവും ത്യാഗപൂർണവുമായ പോരാട്ടങ്ങളിലൂടെയാണ് ഭാരതം സ്വാതന്ത്ര്യം നേടിയത്. എന്നാൽ ആ മഹത്തായ സമരത്തിൽ പങ്കെടുത്ത പലരും കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതരായി മാറി. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ത്യാഗങ്ങളും അനുഭവങ്ങളും ചരിത്രത്തിൽനിന്ന് മാഞ്ഞുപോകാൻ അനുവദിക്കരുത്. അവരുടെ ജീവിതകഥകൾ വരുംതലമുറകൾക്ക് കൈമാറേണ്ടത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.
അഞ്ചുവർഷത്തോളം ജയിൽവാസം അനുഭവിച്ചിട്ടും തന്റെ ആദർശങ്ങളിൽനിന്ന് വ്യതിചലിക്കാത്ത വരിഞ്ഞം എൻ. രാഘവൻപിള്ള അത്തരമൊരു ത്യാഗധനനായ ദേശസ്നേഹിയായിരുന്നു. രാഷ്ട്രീയപ്രവർത്തനത്തിലൂടെ രാജ്യസേവനം നടത്തിയ അദ്ദേഹം പിന്നീട് ആത്മീയതയിലൂടെ മനുഷ്യജീവിതത്തിന്റെ അർത്ഥം തേടി. സമരസേനാനി, സാഹിത്യകാരൻ, പത്രാധിപർ, ആത്മീയചിന്തകൻ എന്നീ നിലകളിൽ അദ്ദേഹം അവശേഷിപ്പിച്ച സംഭാവനകൾ സ്മരിക്കപ്പെടേണ്ടതാണ്.
“ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി” എന്ന മഹത്തായ സന്ദേശം സ്വന്തം ജീവിതത്തിലൂടെ അന്വർത്ഥമാക്കിയ ഈ മഹനീയ വ്യക്തിത്വത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.
വിസ്മൃതിയിലാണ്ടുപോകുന്ന സ്വാതന്ത്ര്യസമരസേനാനികളുടെ ചരിത്രം വീണ്ടെടുക്കുകയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
2026-10-31
