നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സപിഴവെന്ന് ആക്ഷേപം ;നവജാത ശിശുവിന്റെ കൈയുടെ ചലനശേഷി നഷ്ടപെട്ടന്ന് ബന്ധുക്കൾ1 min read

3/5/23

തിരുവനന്തപുരം :നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാപ്പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കയ്യിലെ എല്ല് പൊട്ടിയെന്നും ഇടത് കൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച്‌ കുടുംബം രംഗത്തെത്തി.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 27നാണ് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈയ്ക്ക് പൊട്ടലുണ്ടായെന്നും ഞെരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നത്. ജനിച്ചശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കര ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അവിടെയുള്ള ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവര്‍ കുഞ്ഞിനെ എസ്‌എടി ആശുപത്രിയില്‍ കാണിച്ചു. തുടര്‍ന്ന് പ്രസവത്തിനിടെ കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കയ്യിലെ എല്ല് പൊട്ടാന്‍ കാരണമെന്ന് കണ്ടെത്തി. നിലവില്‍ എല്ല് പൊട്ടല്‍ ശരിയായെങ്കിലും ഞെരമ്പിന്റെ  പ്രശ്നം മാറിയിട്ടില്ല.

കാവ്യയെ ചികിത്സിച്ചിരുന്ന നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആരും പ്രസവസമയത്ത് ഉണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സും മാത്രമാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും കാവ്യ പറഞ്ഞു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം, പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply