തിരുവനന്തപുരം: പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, വരൾച്ച എന്നിവ കാരണം കൃഷിനാശം സംഭവിക്കുകയും കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത കാർഷിക വായ്പ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള വിവിധ സഹായനടപടികൾ ചർച്ച ചെയ്യുന്നതിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കാർഷിക വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിൻ്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11-ന് രാവിലെ 10.30-ന് കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ 5B ഹാളിൽ നടക്കും.
യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു യോഗത്തിൽ പങ്കെടുക്കും.
കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
കൃഷിനാശം നേരിട്ട കർഷകരുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ, പുനഃകൃഷിക്കാവശ്യമായ പ്രവർത്തന മൂലധനം, വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കൽ, വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് കാർഷിക മേഖലയിലുണ്ടാകുന്ന സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനുള്ള മറ്റ് നടപടികൾ എന്നിവയും യോഗം ചർച്ച ചെയ്യും.
