മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച സംഭവം: പാലാ ഡിപ്പോയിലെ ഡ്രൈവർക്കും ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും സസ്പെൻഷൻ1 min read

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി

കോട്ടയം :പാലാ ഡിപ്പോയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ മദ്യലഹരിയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് പോലീസ് പിടിയിലായ സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ട ജീവനക്കാർക്കെതിരെ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ചു.

യാത്രയ്ക്കിടെ ഡ്രൈവറുടെ അസ്വാഭാവികമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ മടക്കത്താനം ഭാഗത്ത് ബസ് തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാഴക്കുളം പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാ ഡിപ്പോയിലെ ഡ്രൈവർ ജോർജുകുട്ടി ആൻ്റണിയെയും, നിർബന്ധമായ ബ്രത്ത് അനലൈസർ പരിശോധന നടത്താതെ ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ച സ്റ്റേഷൻ മാസ്റ്ററർ ബിനു ജോണിനെയും സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

യാത്രക്കാരുടെ ജീവനും സുരക്ഷയ്ക്കും പരമപ്രധാന്യം നൽകുന്ന കെഎസ്ആർടിസിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. സർവീസിന് ജീവനക്കാരെ നിയോഗിക്കുന്നതിന് മുമ്പ് മദ്യപാന പരിശോധന ഉൾപ്പെടെയുള്ള നിർബന്ധിത സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി തുടർന്നും സ്വീകരിക്കുന്നതാണ്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനും കെഎസ്ആർടിസി വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരും.