തിരുവനന്തപുരം:ദേശീയപാതയിൽ കോഴിക്കോട് പന്തീരാങ്കാരാങ്കാവിനടുത്ത് ട്രാഫിക് നിയമലംഘനം നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി
കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റിലെ KS600 സൂപ്പർഫാസ്റ്റ് ബസ് 03.06.20026 ന് നെയ്യാറ്റിൻകര നിന്നും കണ്ണൂരേയ്ക്ക് സർവീസ് നടത്തവേ കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ട്രാഫിക് നിയമം ലംഘനം നടത്തി സർവീസ് തുടർന്ന വിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
സംഭവത്തെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബന്ധപ്പെട്ട ബസിലെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ ട്രാഫിക് നിയമലംഘനം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസിലെ രണ്ട് ജീവനക്കാരെയും സർവീസിൽ നിന്ന് നീക്കംചെയ്യുകയും തുടർ അന്വേഷണ നടപടികൾ നടന്നുവരുകയുമാണ്.
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്ന സ്ഥാപനമാണ് കെഎസ്ആർടിസി. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കേണ്ടത് എല്ലാ ജീവനക്കാരുടെയും ബാധ്യതയാണ്. നിയമലംഘനമോ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ചകളോ ഒരു സാഹചര്യത്തിലും അംഗീകരിക്കപ്പെടുന്നതല്ല.
ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു…
