കുട്ടികൾ കുറയുന്നു, സംരക്ഷിത അധ്യാപക ബാധ്യത കൂടുന്നു; സർക്കാർ-എസ്എസ്‌കെ ഒഴിവുകളിൽ എയ്ഡഡ് സംരക്ഷിതാധ്യാപകരെ നിയമിക്കുന്നത് സാമൂഹ്യനീതിക്കും പിഎസ്‌സി റാങ്ക് പട്ടികയിൽ ഉള്ള അധ്യാപകരുടെ അവകാശങ്ങൾക്കും വിരുദ്ധം1 min read

 

തിരുവനന്തപുരം :സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കാൽനൂറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെ എണ്ണം തുടർച്ചയായി കുറയുമ്പോഴും സംരക്ഷിത അധ്യാപകരുടെ എണ്ണവും സാമ്പത്തിക ബാധ്യതയും വർദ്ധിക്കുന്ന സാഹചര്യത്തിൽ, സ്വകാര്യ എയ്ഡഡ് സ്കൂൾ മാനേജർമാർ നിയമിച്ച സംരക്ഷിതാധ്യാപകരെ സർക്കാർ സ്കൂളുകളിലേക്കും എസ്എസ്‌കെ, ബിആർസി കേന്ദ്രങ്ങളിലേക്കും പുനർവിന്യസിക്കുന്നത് ഗുരുതരമായ അവകാശലംഘനവും സാമൂഹ്യനീതിക്ക് വിരുദ്ധവുമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) സംസ്ഥാന ആസൂത്രണ ബോർഡും ചേർന്ന് തയ്യാറാക്കിയ പഠനത്തിലെ കണക്കുകൾ പ്രകാരം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളുടെ എണ്ണം 1999-2000-ൽ 52,49,047 ആയിരുന്നു. സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2011-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടും കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റും (niyamasabha.org) വ്യക്തമാക്കുന്നത് 2011-12-ൽ ഇത് 42.35 ലക്ഷമായി (42,35,285) താഴ്ന്നുവെന്നാണ്. കൈറ്റിന്റെ ‘സമേതം’ പോർട്ടലിലും 2026 ജൂൺ 27 വരെ പുതുക്കിയ സർക്കാർ കണക്കുകളിലും ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ആകെ കുട്ടികൾ 34,11,198 (34.11 ലക്ഷം) ആയി വീണ്ടും കുറഞ്ഞു—1999-2000-നെ അപേക്ഷിച്ച് 18.38 ലക്ഷത്തിന്റെയും (35 ശതമാനം) 2011-12-നെ അപേക്ഷിച്ച് 8.24 ലക്ഷത്തിന്റെയും (19.5 ശതമാനം) ഇടിവ്. ജനനനിരക്കിലെ കുറവുമൂലം ഒന്നാം ക്ലാസ് പ്രവേശനം മാത്രം 2025-26-ലെ 2,34,476-ൽ നിന്ന് 2026-27-ൽ 2,06,706 ആയി ചുരുങ്ങിയിട്ടുണ്ട്.

2010-11-ൽ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലും ടിടിഐയിലുമായി 1,68,062 അധ്യാപകരുണ്ടായിരുന്നപ്പോൾ (അനുപാതം 1:26–1:27; സർക്കാർ 52,405, എയ്ഡഡ് 1,01,965, അൺഎയ്ഡഡ് 13,692), 2026-27-ൽ സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ മാത്രം 10,33,009 കുട്ടികൾക്കായി 53,997 അധ്യാപകരുണ്ട്. ഇതുപ്രകാരം സർക്കാർ മേഖലയിൽ ശരാശരി 19.1 കുട്ടികൾക്ക് ഒരു അധ്യാപകൻ (എൽപി 16.4:1, യുപി 22.0:1, എച്ച്എസ് 20.2:1) എന്ന ഉയർന്ന ലഭ്യതയുള്ളപ്പോൾ എയ്ഡഡ് മേഖലയിൽ 19,97,616 കുട്ടികൾക്ക് 72,817 അധ്യാപകരാണുള്ളത് (ശരാശരി 27.4:1; എൽപി 24.7:1, യുപി 27.9:1, എച്ച്എസ് 29.7:1). ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ സർക്കാർ-എയ്ഡഡ് മേഖലകളിൽ ആകെ 1,62,983 അധ്യാപകരുണ്ട് (സർക്കാർ 70,239; എയ്ഡഡ് 92,744).
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം (ആർടിഇ) പ്രൈമറിയിൽ 1:30-ഉം അപ്പർ പ്രൈമറിയിൽ 1:35-ഉം ആയി നിശ്ചയിച്ചിട്ടുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം കേരളം ഇതിനോടകം മറികടന്നതായി ഗിഫ്റ്റ്-ആസൂത്രണ ബോർഡ് പഠനം വ്യക്തമാക്കുന്നു.

എൽപിഎസ്‌ടി സമരത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകളിലെ ഹെഡ് ടീച്ചർ വേക്കൻസി (എച്ച്‌ടിവി) ഒഴിവുകൾ ദിവസവേതനക്കാർക്ക് പകരം എൽപിഎസ്‌ടി റാങ്ക് പട്ടികയിൽ നിന്ന് നികത്താമെന്നും പിഎസ്‌സി റാങ്ക് പട്ടിക രീതി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഡിവിഷൻ കുറയുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന എയ്ഡഡ്-സർക്കാർ അധ്യാപകരെ സംരക്ഷിക്കാൻ ഒഴിവുകൾ വിനിയോഗിക്കേണ്ടി വരുമെന്ന സർക്കാർ നിലപാട് പിഎസ്‌സി നിയമനങ്ങൾക്ക് കടുത്ത ഭീഷണിയായി തുടരുകയാണ്.

സ്വകാര്യ എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെ സർക്കാർ സ്കൂളുകളിലേക്ക് പുനർവിന്യസിക്കുന്നത് പിഎസ്‌സി നിയമനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്ന് 2011-ലെ അധ്യാപക പാക്കേജ് ഉത്തരവിൽത്തന്നെ സർക്കാർ സമ്മതിച്ചിരുന്നെങ്കിലും, അന്നത്തെ 2,957 സംരക്ഷിതാധ്യാപകരിൽ 1,282 പേരെയും (43.4 ശതമാനം) സർക്കാർ സ്കൂളുകളിലേക്കാണ് വിന്യസിച്ചത്. ഒന്നര പതിറ്റാണ്ടിനുശേഷവും അതേ അനീതി തുടരുന്നതിന്റെ വ്യക്തമായ തെളിവാണ് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ 2026 ജൂലൈ 14-ന് പുറത്തിറക്കിയ ഉത്തരവ് (DDETSR/4262/2026-B5). ഇതിൽ പുനർവിന്യസിച്ച 49 എയ്ഡഡ് സംരക്ഷിതാധ്യാപകരിൽ എട്ടുപേരെ കൈപ്പമംഗലം, കേച്ചേരി ഗവ. എൽപി സ്കൂളുകളിലെയും കോണത്തുകുന്ന്, മാടായിക്കോണം, പുത്തൻചിറ, വടുതല, പെരുവള്ളൂർ, അരിമ്പൂർ ഗവ. യുപി സ്കൂളുകളിലെയും എച്ച്‌ടിവി ഒഴിവുകളിലേക്കും എട്ടുപേരെ എസ്എസ്‌കെയിലേക്കുമാണ് നിയമിച്ചത്.

ഭരണഘടനാ സ്ഥാപനമായ കേരള പിഎസ്‌സി നടത്തുന്ന സുതാര്യമായ മത്സരപ്പരീക്ഷയിലൂടെ മെറിറ്റും സംവരണവും പാലിച്ച് പിഎസ്‌സി തിരഞ്ഞെടുക്കുന്ന എൽപിഎസ്‌ടി, യുപിഎസ്‌ടി, എച്ച്‌എസ്‌ടി ഉദ്യോഗാർത്ഥികൾക്ക് അർഹതപ്പെട്ട സർക്കാർ സ്കൂളുകളിലെ തസ്തികകൾ സ്വകാര്യ മാനേജ്മെന്റുകൾ നിയമിച്ച അധ്യാപകർക്ക് വിട്ടുനൽകുന്നത് ഭരണഘടനാപരമായ തുല്യതയ്ക്കും സാമൂഹ്യനീതിക്കും നിരക്കുന്നതല്ല. പൊതുഖജനാവിന് അധികബാധ്യതയുണ്ടാക്കുന്ന രീതിയിൽ ആർടിഇ അനുപാതത്തിൽ മാറ്റം വരുത്താതെ തന്നെ, സ്വകാര്യ എയ്ഡഡ് സംരക്ഷിതാധ്യാപകരെ സർക്കാർ സ്കൂളുകളിലും എസ്എസ്‌കെ, ബിആർസി കേന്ദ്രങ്ങളിലും നിയമിക്കാതെ എയ്ഡഡ് മേഖലയിൽത്തന്നെ സംരക്ഷിക്കുകയും, സർക്കാർ സ്കൂളുകളിലെ മുഴുവൻ അധ്യാപക നിയമനങ്ങളും കേരള പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്നുമാത്രം നടത്തുകയും ചെയ്യുകയാണ് ന്യായവും നീതിപൂർവ്വകവുമായ പരിഹാരം.