ശ്രീനാരായണ ഗുരുദേവന്റെ ആശയാദർശങ്ങളിൽ ആകൃഷ്ടനായി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ജാതിവിവേചനത്തിനും സാമൂഹിക അസമത്വങ്ങൾക്കുമെതിരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ചരിത്രത്തിൽ ഇടം നേടുകയും ചെയ്ത വ്യക്തിത്വമായിരുന്നു കെ. സി. കുട്ടൻ. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യൻ എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ വേറിട്ടൊരു അധ്യായമാണ്. സാമൂഹികരംഗത്ത് പ്രവർത്തിച്ച കെ. സി. കുട്ടൻസഹോദരപ്രസ്ഥാനം,അഖില കേരള തീയ്യ യുവജന സംഘം എന്നിവ സ്ഥാപിച്ചു. SNDPയോഗം ഡയറക്ടർ, ചേർത്തല യൂണിയൻ പ്രസിഡൻ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 1096-ൽ ‘കരപ്പുറം” എന്ന പേരിൽ ഒരു മാസിക നടത്തി.സമുദായ സംബന്ധമായും രാഷ്ട്രീയവുമായുള്ള ലേഖനങ്ങൾഎഴുതിയിട്ടുണ്ട് 1952-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തെക്കുറിച്ചുള്ളഎസ്എൻഡിപി യോഗം കനകജുബലി ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്. ഉത്തരേന്ത്യ, പിനാംഗ്, സിംഗപ്പൂർ, മലേഷ്യഎന്നിവിടങ്ങളിൽ സഞ്ചരിച്ച് ഗുരുദേവന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രസംഭവങ്ങളിലൊന്നാണ് 1936-ലെ സിഖുമത സ്വീകരണം.
1936 ഏപ്രിൽ 12-ന് കെ. സി. കുട്ടന്റെ നേതൃത്വത്തിൽ അഞ്ചു തിയ്യ സമുദായാംഗങ്ങൾ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലെത്തി സിഖുമതം സ്വീകരിച്ചു. ഈ ചടങ്ങിൽ ഡോ. ബി. ആർ. അംബേദ്കർ സന്നിഹിതനായിരുന്നു എന്നത് ചരിത്രരേഖയിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട് (കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം 1901-2000). സിഖുമതം സ്വീകരിച്ച കെ. സി. കുട്ടൻ ‘ജയ്സിംഗ്’ എന്ന പേര് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ഇ. രാഘവൻ ബി.എ. (ഹർനാം സിംഗ്), കണ്ണാട്ട് കേശവൻ (ഉദയ് സിംഗ്), എസ്. രാഘവൻ (കൃപാൽ സിംഗ്), സി. കെ. കൃഷ്ണൻ (രഞ്ജിത് സിംഗ്) എന്നിവരും പുതിയ മതം സ്വീകരിച്ചു.
ഈ സംഭവത്തിനുശേഷം 1936 ജൂൺ 16-ന് ചേർത്തലയിലെ സർദാർ ജയ് സിംഗ് എന്ന കെ. സി. കുട്ടന്റെ വസതിയിൽവെച്ച് ഒരു ബാലിക ഉൾപ്പെടെ 25 പേർ സിഖുമതം സ്വീകരിച്ചു. അന്ന് ഏകദേശം 12 വയസ്സുണ്ടായിരുന്ന ആ ബാലിക ‘നരോന്ദ്രകൗർ’ എന്ന പേര് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ സിഖ് വനിതയായി മാറിയതായും രേഖയിൽ പറയുന്നു.
കേരളത്തിലെ സാമൂഹിക പരിഷ്കരണ ചരിത്രത്തിലും മതപരിവർത്തന പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലും ഈ സംഭവങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. അക്കാലത്ത് നിലനിന്നിരുന്ന ജാതിവിവേചനത്തിന്റെയും സാമൂഹിക അസമത്വങ്ങളുടെയും പശ്ചാത്തലത്തിൽ കെ. സി. കുട്ടന്റെ ഈ പ്രവർത്തനങ്ങൾ പ്രത്യേക പഠനം അർഹിക്കുന്നവയാണ്.
കെ. സി. കുട്ടന്റെ ജീവിതവും ഗുരുദേവനുമായുള്ള ബന്ധവും മലയാള സിനിമയിലും ഇടം നേടിയിട്ടുണ്ട്. 2010-ൽ പുറത്തിറങ്ങിയ സംവിധായകൻ ആർ. സുകുമാരന്റെ ‘യുഗപുരുഷൻ’ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ചത് കെ. സി. കുട്ടന്റെ കഥാപാത്രമായിരുന്നു. പിൽക്കാലത്ത് സിഖ് മതം വിട്ട് വീണ്ടും ഹിന്ദു വായി. 1967സെപ്റ്റംബർ എട്ടാം തീയതിഅദ്ദേഹം അന്തരിച്ചു. ഭാര്യ.നാരായണി അമ്മ ( Late), മക്കൾ കെ.സി. യശോധരൻ Late( റിട്ട:പ്രിൻസിപ്പാൾ,പാലിമാർഗ്,രാജസ്ഥാൻ), കെ.സി അശോകൻ Late (തോഷിബ സെയിൽസ് മാനേജർ), കെ.സി. വിജയൻ (മുൻ ചേർത്തലമുൻസിപ്പൽ ചെയർമാൻ), ശ്രീമതി.കെ. എൻ. രമണി, ശ്രീ. കെ.സി സുധൻ, ശ്രീമതി.കെ. എൻ. ലീല ( റിട്ട:അസിസ്റ്റൻറ് ലേബർ ഓഫീസർ), .കെ.എൻ.ഓമന Late ( റിട്ട:ഭൂപണയ ബാങ്ക് ചേർത്തല), കെ. എൻ. അനില (late),കെ.സി.വേണുഗോപാൽ ( റിട്ട:സബ് ഇൻസ്പെക്ടർ ചേർത്തല)
ചരിത്രത്തിന്റെ ഏടുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഇത്തരം വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അപൂർവ രേഖകൾ കണ്ടെത്തി അവയുടെ ചരിത്രപ്രാധാന്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ഗുരുദേവന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുകയും തന്റെ കാലഘട്ടത്തിലെ സാമൂഹിക യാഥാർഥ്യങ്ങളോട് വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കുകയും ചെയ്ത കെ. സി. കുട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കെ. സി. കുട്ടന്റെ സ്മരണകൾക്ക് മുന്നിൽ സ്മരണാഞ്ജലികളോടേ ബിജുയുവശ്രീ.
2026-11-08
