തിരുവനന്തപുരം :കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ 2026 ഡിസംബർ 31 വരെ സാമ്പത്തിക അവബോധ പ്രചാരണം സംഘടിപ്പിക്കുന്നു. ബാങ്കിൻ്റെ സംസ്ഥാനത്തെ വിവിധ ശാഖകൾ വഴി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി വിവിധ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് കാനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ ശ്രീ വി.എസ്.സന്തോഷ് അറിയിച്ചു. ഇതിന്റെ ഭാഗമായി നിർജീവമായ അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന കുറഞ്ഞ പ്രീമിയം തുകയുള്ള ഇൻഷുറൻസ്, പെൻഷൻ പദ്ധതികളിൽ (PMJJBY, PMSBY, APY) അംഗങ്ങളാകുന്നതിനുമുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. കൂടാതെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനും സീറോ ബാലൻസ് അക്കൗണ്ടുകൾ തുറക്കാനുമുള്ള സൗകര്യം, നിലവിലുള്ള അക്കൗണ്ടുകളിൽ Re-KYC, CKYC ചെയ്യാനുള്ള സൗകര്യം എന്നിവയും ലഭ്യമാണ്. സേവിംഗ്സ് അക്കൗണ്ടുകളിലെ നോമിനേഷൻ പുതുക്കൽ, ലോക്കർ സേവനങ്ങൾ പോലുള്ള മറ്റ് സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അർഹരായ അവകാശികൾ ഇല്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തികൾ അവകാശികൾക്ക് തിരികെ നൽകുന്നതിനായി പ്രത്യേക നടപടികളും പരിപാടിയുടെ ഭാഗമായി സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വായ്പകൾ, വിള ഇൻഷുറൻസ് പദ്ധതിയായ PMFBY എന്നിവയുടെ അപേക്ഷകൾ സ്വീകരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ സേവനങ്ങൾ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള കാനറാ ബാങ്ക് ശാഖയുമായി ബന്ധപ്പെടാവുന്നതാണ്.
