തിരുവനന്തപുരം: കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പാസാക്കിയ രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യം. പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത്, പിഎംആവാസ് അടക്കമുള്ള കേന്ദ്രപദ്ധതികള്‍ സാധാരണക്കാരുടെ വിദ്യാഭ്യാസ, ചികിത്സാ, ഭവന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയാണ്. രാഷ്ട്രീയ കണ്ണട മാറ്റിവെച്ച് പദ്ധതികള്‍ നടപ്പാക്കണം. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായത് ചരിത്രനേട്ടമാണെന്നും മൂന്നു സീറ്റുകള്‍ വിജയിച്ചത് ഇടതു വലതു മുന്നണികള്‍ക്ക് ബദലായി മൂന്നാം ശക്തിയായി ബിജെപി മാറിയതിന്റെ തെളിവാണെന്നും രാഷ്ട്രീയ പ്രമേയം വിശദീകരിക്കുന്നു.
ഒബിസി സംവരണത്തിന്റെ മറവില്‍ മതസംവരണം നടപ്പാക്കരുത്, ഒബിസി, എസ് സി, എസ്ടി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിവരുടെ സംവരണം ഉറപ്പാക്കുക, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേരളത്തിലെ യുവാക്കളെ മതമൗലികവാദ സംഘടനകളില്‍ നിന്നും ലഹരിവ്യാപനത്തില്‍ നിന്നും മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയ പ്രമേയത്തിലുണ്ട്. അഴിമതി രഹിതവും എല്ലാ മലയാളികള്‍ക്കും ഗുണകരമായതുമായ ഭരണമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെങ്കില്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ലഭിക്കൂ എന്ന് പുതിയ സര്‍ക്കാരിനെ ബിജെപി പ്രമേയം ഓര്‍മ്മിപ്പിക്കുന്നു.
മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയതിന് സമാനമായ അഴിമതി വി.ഡി സതീശന്‍ സര്‍ക്കാരും ചെയ്യുമെന്ന് ഉറപ്പാണെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അഴിമതിയുണ്ട്. കര്‍ണ്ണാടകത്തില്‍ അടക്കം നടക്കുന്ന അഴിമതി ഭരണം ഇവിടെയുമുണ്ടാകും. എന്നാല്‍ പ്രധാന പ്രതിപക്ഷമായി ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ നിയമസഭയ്ക്കകത്തും പുറത്തും ബിജെപി ഉണ്ടെന്നോര്‍ക്കണം. ബിജെപി വിജയിക്കുന്ന പാര്‍ട്ടിയല്ല എന്ന തെറ്റായ ധാരണ തിരുത്തിക്കുറിച്ചുവെന്നും ജനങ്ങളുടെ സ്വപ്‌നങ്ങളും അവകാശങ്ങളും ബിജെപിയുടെ മൂന്ന് എംഎല്‍എമാരിലൂടെ സഭയില്‍ മുഴങ്ങും. പിന്നോക്ക സംവരണത്തെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കിമാറ്റാന്‍ അനുവദിക്കില്ലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവണം. കര്‍ണ്ണാടകയിലും തെലങ്കാനയിലും ഇത്തരം വാഗ്ദാനങ്ങള്‍ നടത്താതിരുന്ന ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അഴിമതിരഹിതവും സുതാര്യവുമാണെങ്കില്‍ മാത്രമേ പിന്തുണ നല്‍കൂ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. രാജ്യസഭാ എംപി സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത നേതൃയോഗത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, അഡ്വ. എസ് സുരേഷ്, ചാത്തന്നൂര്‍ നിയുക്ത എംഎല്‍എ ബി.ബി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
