തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആഡംബര ബസുകൾ ‘എക്സിക്യൂട്ടീവ് ക്ലാസ്’ എന്ന പുതിയ പേരിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായി ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ ബസുകൾ നിരത്തിലിറങ്ങുന്നത്. ആലപ്പുഴ-ബെംഗളൂരു പാതയിലാണ് സർവീസ് നടത്തുക. വൈകുന്നേരം ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി ബസ് സർവീസ് ഉദ്ഘാടനം ചെയ്യും. നേരത്തെ സർവീസ് നിലച്ച ആലപ്പുഴ – ബെംഗളുരു സർവീസ് പുനരാരംഭിക്കണമെന്ന കെ.സി വേണുഗോപാൽ എം.പിയുടെ അഭ്യർഥന പ്രകാരമാണ് ഗതാഗത മന്ത്രി സി.പി ജോൺ ബസ് അനുവദിച്ചത്. സർവീസിനായുള്ള ഓൺലൈൻ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് വൈറ്റില, തൃശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ അഞ്ച് അമ്പത്തിയഞ്ചിന് ബെംഗളൂരുവിൽ എത്തിച്ചേരും. തിരികെ ബെംഗളൂരുവിൽ നിന്ന് രാത്രി എട്ടിന് പുറപ്പെട്ട് ഇതേ വഴിയിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ എട്ടിന് ബസ് ആലപ്പുഴയിൽ തിരിച്ചെത്തും.
സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ തുടങ്ങിയ മികച്ച സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതമാണുള്ളത്. സീറ്റുകൾക്ക് പിന്നിലായി പ്രത്യേകം സ്ക്രീനുകൾ, മൊബൈൽ ചാർജിങ് സംവിധാനം, കുപ്പികൾ വെക്കാനുള്ള സൗകര്യം, ലഗേജ് റാക്ക് എന്നിവയുമുണ്ട്. ഇതിന് പുറമെ ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, പാൻട്രി, ശുചിമുറി എന്നിവയും ബസിനുള്ളിൽ ലഭ്യമാകും.
യാത്രക്കാർക്ക് www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയോ 9447071021 എന്ന വാട്സാപ്പ് നമ്പറിലൂടെയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ തിരഞ്ഞെടുത്ത് ഓൺലൈനായി പണമടയ്ക്കാൻ ഇതിലൂടെ സാധിക്കും. ബുക്കിങ് പൂർത്തിയായാൽ ഇ-ടിക്കറ്റും പി.എൻ.ആർ വിവരങ്ങളും ഇതേ വാട്സാപ്പ് ചാറ്റിൽ തന്നെ ലഭ്യമാകും.
