മെഗാ ഓണം മിറാക്കിൾസ് എക്സ്പോ & കാർണിവലിന് തുടക്കം1 min read

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും തിരുവനന്തപുരം കലാ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ആനയറ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന മെഗാ ഓണം മിറാക്കിൾസ് എക്സ്പോ & കാർണിവലിന് തുടക്കമായി. ലുലു മാളിന് സമീപത്തെ വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി പി ആർ പ്രവീൺ ,കേരളീയം സെക്രട്ടറി ലാലു ജോസഫ്, കൗൺസിലർമാരായ ജയാ രാജീവ്, അശ്വതി, മുൻ കൗൺസിലർ ഡി. അനിൽകുമാർ, രാജീവ് ആർ, പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കര സുബ്രമണി, എ ജയമോഹൻ, ആ൪ കെ കുമാ൪ തുടങ്ങിയവർ പങ്കെടുത്തു.

അനന്തപുരിയിൽ ആദ്യമായി ഒരുക്കുന്ന വിസ്മയോത്സവത്തിൽ ദുബായ് മിറാക്കിൾ ഗാർഡൻ, പക്ഷികളുടെ ഏവിയറി, മെർമെയ്ഡ് ഷോ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെന്റ് റൈഡുകൾ എന്നിവയ്ക്കൊപ്പം വിപുലമായ ഓണം മെഗാ പ്രദർശന-വിപണനമേള, മലബാർ ഭക്ഷ്യമേള, ഓട്ടോമൊബൈൽ എക്സ്പോ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ വിനോദ-വാണിജ്യ പരിപാടികളാണ് കാർണിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഓണാഘോഷങ്ങൾക്ക് കൂടുതൽ വൈവിധ്യവും വിനോദവും പകരുന്ന തരത്തിലാണ് മേള ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 6 വരെയാണ് മെഗാ ഓണം മിറാക്കിൾസ് എക്സ്പോ & കാർണിവൽ 2026 സംഘടിപ്പിക്കുന്നത്.

ദിവസവും ഉച്ചയ്ക് 2 മുതൽ രാത്രി പത്തു വരെയാണ് പ്രദർശന സമയം. ഓണാവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ പ്രവേശനമുണ്ട്.