ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കരുത്തരായ തമിഴ്നാടിനെതിരെ കേരളം കൂറ്റൻ സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 281 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ഓപ്പണർ വിശാൽ ജോർജിന്റെ ഇന്നിങ്സാണ് കേരളത്തിന് കരുത്ത് പകർന്നത്.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ വിശാൽ ജോർജും അയാൻ മുഹമ്മദും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. 26 റൺസെടുത്ത അയാൻ, എ.എസ്. പാണ്ഡ്യൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. തുടർന്ന് രണ്ടാം വിക്കറ്റിൽ വിശാൽ ജോർജും ദേവനാരായണനും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. ഇരുവരും ചേർന്ന് 215 റൺസ് കൂട്ടിച്ചേർത്തു. വിശാൽ ജോർജ് സെഞ്ച്വറി പൂർത്തിയാക്കി ബാറ്റിങ് തുടരുമ്പോൾ, ശതകത്തിന് തൊട്ടരികിൽ വച്ച് റണ്ണൗട്ടാവുകയായിരുന്നു ദേവനാരായൺ. 88 റൺസാണ് ദേവനാരായൺ നേടിയത്. തുടർന്നെത്തിയ എസ്. ആര്യനും അർജുനും ഒരേ ഓവറിൽ അക്കൗണ്ട് തുറക്കാതെ മടങ്ങി. കളി നിർത്തുമ്പോൾ 154 റൺസോടെ വിശാൽ ജോർജും 11 റൺസോടെ ആരോൺ അലക്സുമാണ് ക്രീസിൽ. തമിഴ്നാടിന് വേണ്ടി അഭിമാൻ സുന്ദർ രണ്ട് വിക്കറ്റ് വീഴ്ത്തി.
