ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ കേരളത്തിനെതിരെ ജമ്മു കശ്മീർ ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ കശ്മീർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന ക്യാപ്റ്റൻ ഹരീന്ദർ സിങ്ങാണ് കശ്മീരിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. കേരളത്തിന് വേണ്ടി എസ്. ആര്യൻ അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കശ്മീരിന്റെ ബാറ്റിങ് നിര എസ്. ആര്യന്റെ കണിശതയാർന്ന ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 69 റൺസെന്ന നിലയിലായിരുന്നു കശ്മീർ. ഏഴാം വിക്കറ്റിൽ ക്യാപ്റ്റൻ ഹരീന്ദർ സിങ്ങും സനിൽ സിങ്ങും ചേർന്ന് കൂട്ടിച്ചേർത്ത 56 റൺസാണ് വലിയൊരു തകർച്ചയിൽ നിന്ന് കശ്മീരിനെ കരകയറ്റിയത്. സ്കോർ 126-ൽ നിൽക്കെ 45 റൺസെടുത്ത സനിൽ പുറത്തായി. തുടർന്നെത്തിയ ആകാശ് പ്രതാപ് സിങ്ങും അവസരത്തിനൊത്തുയർന്നു. കരുതലോടെ ഇന്നിങ്സ് മുന്നോട്ടു നീക്കിയ ഹരീന്ദർ സിങ്ങും ആകാശ് പ്രതാപ് സിങ്ങും ചേർന്ന് ഇതിനകം 147 റൺസ് കൂട്ടിച്ചേർത്തു കഴിഞ്ഞു. കളി നിർത്തുമ്പോൾ ഹരീന്ദർ സിങ് 104-ഉം ആകാശ് പ്രതാപ് സിങ് 85-ഉം റൺസ് നേടി ക്രീസിലുണ്ട്.
