ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എസ് ജി ക്രിക്കറ്റ് സ്കൂൾ മികച്ച സ്കോറിലേക്ക്, നിർമ്മൽ അജിത്തിന് സെഞ്ച്വറി1 min read

ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എസ് ജി ക്രിക്കറ്റ് സ്കൂൾ മികച്ച സ്കോറിലേക്ക്, നിർമ്മൽ അജിത്തിന് സെഞ്ച്വറി

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂളിന് മികച്ച സ്കോർ. മറ്റൊരു മത്സരത്തിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 154 റൺസിന് പുറത്തായി.

കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന എറണാകുളം എസ് ജി ക്രിക്കറ്റ് സ്കൂൾ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒൻപത് വിക്കറ്റിന് 300 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ നിർമ്മൽ അജിത്തിന്റെ തകർപ്പൻ ബാറ്റിങ്ങാണ് എസ് ജിയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്. നിർമ്മൽ 126 റൺസും ക്യാപ്റ്റൻ അർജുൻ വി നായർ 47 റൺസും നേടി. വിന്റേജിന് വേണ്ടി അർമാൻ നിജി അഞ്ച് വിക്കറ്റ് വീഴ്ത്തി.

ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 154 റൺസിന് പുറത്തായി. പത്താമനായി ഇറങ്ങി 39 റൺസെടുത്ത പി ആഗ്നേയ് ആണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. ആത്രേയയ്ക്ക് വേണ്ടി മുഹമ്മദ് ഫാറൂഖ് നാല് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയ ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 63 റൺസെന്ന നിലയിലാണ്.

മഴയെ തുടർന്ന് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബും ബികെ 55 കേരളയും തമ്മിലുള്ള മത്സരത്തിൽ വളരെ കുറച്ച് സമയം മാത്രമാണ് കളി നടന്നത്. കളി നിർത്തുമ്പോൾ ആദ്യം ബാറ്റ് ചെയ്യുന്ന ബികെ 55 കേരള വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസെന്ന നിലയിലാണ്.