കോർപ്പറേറ്റ് വൽക്കരണ നയങ്ങൾക്കെതിരെ സംഘടിത പ്രതിരോധം ഉയരണം: സുഭാഷ് ലാംബ1 min read

തിരുവനന്തപുരം: ഒരു സർവീസ് സംഘടന എന്ന നിലയിൽ ജീവനക്കാരുടെ സേവന-വേതനാവകാശ സംരക്ഷണത്തിനപ്പുറം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന കെജിഒഎയുടെ പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് സമ്മേളനത്തിൽ സുഭാഷ് ലാംബ അഭിപ്രായപ്പെട്ടു.

ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത, അസമത്വം എന്നിവ ഒരു ക്ഷേമരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളാണെന്നും അവ നിർമാർജനം ചെയ്യുന്നതിനായി പൊതുമേഖല സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരസാങ്കേതികവിദ്യ, ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന്റെ ശക്തമായ ഇടപെടലുകൾ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ നാഷണൽ മോണിറ്റൈസേഷൻ പോളിസിയുടെ മറവിൽ പൊതുമേഖല സ്ഥാപനങ്ങളും പൊതുസമ്പത്തുകളും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന പ്രവണത രാജ്യത്ത് ശക്തിപ്പെടുകയാണെന്ന് വിമർശിച്ചു. ഇത്തരം സ്വകാര്യവൽക്കരണ-കമ്പോളവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്പോളവൽക്കരണ ശക്തികളുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ ഒരു “സർവീസ് പ്രൊവൈഡർ” ആയി മാത്രം ചുരുങ്ങുന്ന പ്രവണത തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുന്നതായും പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യകുത്തകകൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യം രാജ്യത്ത് രൂപപ്പെടുകയാണെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ചീഫ് ജസ്റ്റിസുമാർ വിരമിച്ചശേഷം രാജ്യസഭാംഗങ്ങളായി ചുമതലയേൽക്കുന്ന സംഭവങ്ങളും നിലവിലെ രാഷ്ട്രീയ-ഭരണപരമായ പ്രവണതകളുടെ ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ ഇത്തരം പ്രതിലോമ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കാൻ ബദൽ പ്രതിരോധ മാർഗങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്ക് ഈ സമ്മേളനം വഴിതെളിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.