ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്, ഉത്പാദനം പുനരാരംഭിക്കലും റെഗുലേറ്ററി അംഗീകാരവും നേടി1 min read

 

തിരുവനന്തപുരം :തലച്ചോറിൽ സാധാരണയായി ഉത്പാദിപ്പിക്കപ്പെടുന്ന സെറിബ്രോസ്പൈനൽ ഫ്ലൂയിഡിന്റെ (CSF) ഒഴുക്കിന് തടസ്സം നേരിടുന്നതു മൂലമോ, അതിന്റെ ആഗിരണം കുറയുന്നതു മൂലമോ തലച്ചോറിൽ CSF അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹൈഡ്രോസെഫാലസ്. ഈ അവസ്ഥയുടെ ചികിത്സയ്ക്കായി, തലച്ചോറിലെ ദ്രാവകം ഉദരാശയത്തിലേക്ക് ഒഴുക്കി അവിടെ വെച്ച് പുനരാഗിരണം ചെയ്യുന്ന വിധത്തിൽ, ജൈവ അനുയോജ്യമായ ഒരു ഷണ്ട് സംവിധാനം ശരീരത്തിൽ സ്ഥാപിക്കുന്നു. വിലകൂടിയ ഇറക്കുമതി ഷണ്ടുകൾക്ക് പകരമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചതാണ് സെറിഡ്രെയിൻ ഷണ്ട് സിസ്റ്റം. ഈ ഉപകരണം HLL ലൈഫ്കെയർ ലിമിറ്റഡ്, തിരുവനന്തപുരം നിർമ്മിച്ച് വിപണിയിൽ എത്തിച്ചു. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) അനുമതിയിലൂടെ ഈ ഉപകരണം ഇപ്പോൾ വിപണിയിൽ പുനരവതരിപ്പിക്കുകയാണ്.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ (SCTIMST) ബയോമെഡിക്കൽ ടെക്നോളജി വിംഗിന്റെ (BMT Wing) വികസിപ്പിച്ചെടുത്ത ശ്രദ്ധേയമായ മെഡിക്കൽ ഉപകരണ സാങ്കേതികവിദ്യകളിൽ ഒന്നാണ് സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട്. 1990-കളുടെ തുടക്കത്തിൽ ഈ സാങ്കേതികവിദ്യ HLL ലൈഫ്കെയർ ലിമിറ്റഡിന് കൈമാറി. ഇത് ഇന്ത്യയിലുടനീളമുള്ള രോഗികൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ഹൈഡ്രോസെഫാലസ് ചികിത്സാ പരിഹാരം നിർമ്മിച്ച് ലഭ്യമാക്കാൻ സഹായിച്ചു. 2023 മുതൽ HLL ലൈഫ്‌കെയർ ലിമിറ്റഡും SCTIMST-യും ചേർന്ന് സമഗ്രമായ ഒരു പുനരാരംഭ (റിലോഞ്ച്) പദ്ധതി ഏറ്റെടുത്തു.
സെറിഡ്രെയിൻ ഹൈഡ്രോസെഫാലസ് ഷണ്ട് പുനരുജ്ജീവിപ്പിക്കുന്നതിനായി സാങ്കേതിക-നിർമ്മാണ- നിയന്ത്രണാനുമതി (റെഗുലേറ്ററി) സംബന്ധമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പരിപാടി നടപ്പിലാക്കി. HLL ലൈഫ്‌കെയർ ലിമിറ്റഡും SCTIMST-യുടെ ബയോമെഡിക്കൽ ടെക്നോളജി വിംഗ് (BMT Wing)ഉം തമ്മിലുള്ള സഹകരണത്തിലൂടെ നിർമ്മാണ പ്രക്രിയകൾ പുനസ്ഥാപിക്കപ്പെട്ടു: അസംസ്കൃത വസ്തുക്കളുടെ വിതരണ ശൃംഖലകൾ കൂടുതൽ ശക്തിപ്പെട്ടു. പരിശോധനയും ഗുണനിലവാര മൂല്യനിർണയ ശേഷികളും മെച്ചപ്പെടുത്തി. ഈ സംയുക്ത ശ്രമങ്ങൾ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, നിർമ്മാണത്തിലെ സ്ഥിരത, റെഗുലേറ്ററി അനുസരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തി. ഇതിന്റെ ഫലമായി CDSCOയുടെ അംഗീകാരം ലഭിക്കുകയും രാജ്യത്തുടനീളമുള്ള രോഗികൾക്കായി ഈ ഹൈഡ്രോസെഫാലസ് ചികിത്സാ പരിഹാരം വിജയകരമായി വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്തു. ഈ വിജയകരമായ പുനരാരംഭം, രോഗികൾക്കായി ഉയർന്ന നിലവാരമുള്ള തദ്ദേശീയ ആരോഗ്യസാങ്കേതികവിദ്യകൾ നൽകുന്നതിലുള്ള SCTIMST-യുടെയും HLL ലൈഫ്‌കെയർ ലിമിറ്റഡിന്റെയും പ്രതിബദ്ധതയെ വീണ്ടും ഉറപ്പുനൽകുന്നു.