തിരുവനന്തപുരം :കുഞ്ഞു കൈകളിൽ കേരളം; ആറ് കുരുന്നുകൾ നയിക്കുന്ന ശിശുദിനം. നവംബർ 14 ന് കേരളം ഉണരുന്നത് കുട്ടികളുടെ ശബ്ദം കേട്ടുകൊണ്ടായിരിക്കും. ആ ശബ്ദത്തിന് നേതൃത്യം നൽകാൻ ആറ് കുരന്നുകൾ തിരുവനന്തപുരത്തേക്ക് വരികയാണ്. അവർക്ക് പ്രകടന പത്രികയില്ല. പറയാൻ ഉള്ളത് ഒരുപാട് സ്വപ്നങ്ങളും കേൾക്കാൻ കൊതിക്കുന്ന ഒരു നാടും മാത്രം.
കേരള സർക്കാരും സംസ്ഥാന ശിശുക്ഷേമ സമിതിയും സംയുക്തമായി നവംബർ 14-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടികളിലെ കുട്ടികളുടെ നേതാക്കളെ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
കലാ-സാഹിത്യ മത്സരങ്ങളുടെ ഭാഗമായുള്ള വർണ്ണോത്സവത്തിലെ സംസ്ഥാന തല മലയാളം എൽ.പി, യു.പി പ്രസംഗ മത്സരത്തിലെ ആദ്യ സ്ഥാനക്കാരുടെ സ്ക്രീനിംഗിൽ നിന്നാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രിയായി തൃശ്ശൂർ, വടക്കാഞ്ചേരി പഴയന്നൂർ കുന്നത്തറ എൽ.പി.എസിലെ നാലാം തരം വിദ്യാർത്ഥിനി *നഫീസ സൻഹ പി.എസ്*-നെയും, പ്രസിഡന്റായി തൃശ്ശൂർ മുല്ലശ്ശേരി പാടൂർ വാണി വിലാസം യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിനി *ആദ്യ പ്രമോദ്*-നെയും തെരഞ്ഞെടുത്തു. ഇരുവരും തൃശ്ശൂർ ജില്ലക്കാരാണ്.
തിരുവനന്തപുരം ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി *ആത്മജ സനു വി*യാണ് സ്പീക്കർ.
ട്രൈബൽ മേഖലയിലെ കുട്ടികൾക്കായി മാത്രം നടത്തിയ മത്സരത്തിൽ നിന്നാണ് ആത്മജ വന്നത്. അവൾ സംസാരിക്കുമ്പോൾ, ഇതുവരെ കേൾക്കപ്പെടാതെ പോയ ഒരുപാട് കുട്ടികളുടെ ശബ്ദം കൂടിയാണ് കേരളം കേൾക്കാൻ പോകുന്നത്.
വയനാട് തവിഞ്ഞാൽ സെന്റ് തോമസ് യു.പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി *മുഹമ്മദ് ജസീൽ പി*യാണ് ഇക്കുറി സമിതി ആദ്യമായി തെരഞ്ഞെടുത്ത് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് (ഉപരാഷ്ട്രപതി).
തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനി *പ്രാർത്ഥന കിരൺ* ആണ് സ്വാഗത പ്രസംഗിക. കൊല്ലം ചവറ മടപ്പള്ളി പി.എസ്.പി.എം യു.പി.എസിലെ നാലാം തരം വിദ്യാർത്ഥി *നിവേദ് പോറ്റി*യാണ് നന്ദി പ്രസംഗകൻ.
കേരള സർക്കാരും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥനതല ശിശുദിനാഘോഷത്തിലാണ് ഈ കുഞ്ഞ് മന്ത്രിസഭ
അധികാരമേൽക്കുന്നത്.
ഈ വർഷം മുതലാണ് കുട്ടികളുടെ നേതാക്കളുടെ എണ്ണം അഞ്ചിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനം കൂടി ചേർത്ത് ആറ് പേരായത്.
*കുഞ്ഞു നേതാക്കൾക്ക് പിന്നിലെ കുടുംബങ്ങൾ*
തൃശ്ശൂർ പഴയന്നൂർ കുന്നത്തറ തൃത്താല ഇടയ്ക്കൽ ഹൗസിൽ ഓഡിറ്റർ ഷാഹുൽ ഹമീദിന്റെയും അധ്യാപിക തസ്ലീനയുടെയും ഇളയ പുത്രിയാണ് പ്രധാനമന്ത്രി നഫീസ സൻഹ. സഹോദരി ഫാത്തിമ സൻഹ.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രമോദ് തൃശ്ശൂർ മുല്ലശ്ശേരി കണ്ടംവിളപ്പിൽ ഹൗസിൽ ഇന്ത്യൻ ഓയിൽ കമ്പനിയിൽ ഇൻസ്പെക്ഷൻ എഞ്ചിനീയർ കെ.കെ. മോദിയുടെയും കെ.കെ. മിനിയുടെയും മകളാണ്. സഹോദരി ആര്യ പ്രമോദ്.
തിരുവനന്തപുരം ഞാറനീലി വിശ്വവിലാസത്തിൽ സനുകുമാറിന്റെയും വിദ്യാറാണി പി.പിയുടെയും മകളാണ് സ്പീക്കറായ ആത്മജ.
തിരുവനന്തപുരം വഞ്ചിയൂർ വടയക്കാട് കിളുക്കത്തിൽ കെ.വി.ആർ.എ 320-ൽ ഐ.ടി പ്രൊഫഷണൽ കിരൺ വി.എയുടെയും സൈക്കോളജിസ്റ്റ് അശ്വതി എസ്. നാഥിന്റെയും മകളാണ് പ്രാർത്ഥന കിരൺ.
കൊല്ലം ഭരണിക്കാവ് മുകുന്ദപുരം മംഗലശ്ശേരി മഠത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി മണികണ്ഠൻ പോറ്റിയുടെയും കൃഷ്ണജയുടെയും മകനാണ് നിവേദ് പോറ്റി.
*നവംബർ 14-ന് കുട്ടികൾ നയിക്കും*
നവംബർ 14-ന് തിരുവനന്തപുരത്ത് രാവിലെ 9 മണിക്ക് നടക്കുന്ന ശിശുദിന റാലി നയിക്കുന്നതും തുടർന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ 10.30-ന് നടക്കുന്ന കുട്ടികളുടെ മഹാ പൊതുസമ്മേളനം നയിക്കുന്നതും ഇവരാണ്.
യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ. മുരളീധരൻ, സി.പി. ജോൺ, എം.പി-മാരായ ഡോ. ശശി തരൂർ, എ.എ. റഹീം, വി. ജോയി എം.എൽ.എ എന്നിവർ ശിശുദിന സന്ദേശം നൽകും.
സമ്മേളനത്തിൽ വെച്ച് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും.
*വർണ്ണോത്സവം സമ്മാനങ്ങൾ വ്യാഴാഴ്ച രാവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിതരണം ചെയ്യും*
ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി ഒക്ടോബർ 3 മുതൽ നവംബർ 5 വരെ സംഘടിപ്പിച്ച നഴ്സറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങൾ വർണ്ണോത്സവം – 2026-ന്റെ ഓവറോൾ കിരീടം നേടിയവർക്കും കലാപ്രതിഭകൾക്കും മറ്റ് വിജയികൾക്കും വ്യാഴാഴ്ച (നവംബർ 12) രാവിലെ 10 മണിക്ക് സംസ്ഥാന ശിശുക്ഷേമ സമിതി ഹാളിൽ വെച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി അറിയിച്ചു. മുഖ്യാതിഥിയായി മുതിർന്ന നടി മല്ലിക സുകുമാരൻ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ കെ. ജയപാൽ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ.എസ്. വിനോദ് എന്നിവർ പങ്കെടുത്തു.
