തിനവിള എൻ. കുഞ്ഞുരാമൻ വൈദ്യർ (1890–1964) ഇന്ന് 62-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കേരളത്തിലെ ആയുർവേദ ചികിത്സാരംഗത്ത് പ്രഗൽഭനായ ഭിഷഗ്വരൻ എന്ന പേരും പെരുമയും ആർജിച്ച മഹാനായിരുന്നു തിനവിള എൻ. കുഞ്ഞുരാമൻ വൈദ്യർ. ആയുർവേദ ചികിത്സയുടെ നവീകരണത്തിനും പ്രചാരണത്തിനും വ്യാപനത്തിനും ജീവിതം സമർപ്പിച്ച അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യൻ എന്ന നിലയിലും ഏറെ ആദരിക്കപ്പെടുന്നു. കേരളത്തിൽ ആധുനിക ആയുർവേദ ഔഷധനിർമ്മാണത്തിന്റെയും വിപണനരീതികളുടെയും ഉപജ്ഞാതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.
1890 ഏപ്രിൽ 2-ന് കൊല്ലം ജില്ലയിലെ പെരിനാട് തിനവിള വീട്ടിൽ കൊച്ചിക്കായിയുടെയും പത്തനാപുരം വെട്ടുതോട്ടിൽ നാരായണന്റെയും മകനായാണ് കുഞ്ഞുരാമൻ വൈദ്യർ ജനിച്ചത്. സ്വന്തം അമ്മാവനും പ്രശസ്ത സംസ്കൃതപണ്ഡിതനും ഭിഷഗ്വരനുമായിരുന്ന രാമൻ വൈദ്യരിൽ നിന്നാണ് സംസ്കൃതഭാഷയുടെ പ്രാഥമിക പഠനം നടത്തിയത്. തുടർന്ന് കൊല്ലം ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശിവഗിരി സംസ്കൃത സ്കൂളിൽ ചേർന്ന് പഠനം തുടർന്നു. പിന്നീട് കായിക്കര പി. എൻ. ഗോവിന്ദൻ വൈദ്യന്റെ ശിഷ്യത്വം സ്വീകരിച്ച് അഷ്ടാംഗഹൃദയം ആഴത്തിൽ അഭ്യസിച്ചു.
1910-ൽ ഉന്നത ആയുർവേദ പഠനത്തിനായി മദ്രാസിലെ എസ്.കെ.പി.ഡി. ആയുർവേദ കോളേജിൽ ചേർന്നു. 1914-ൽ “ആയുർവേദ ഭൂഷൺ” (A.M.A.C.) ബിരുദം നേടി. അതേ വർഷം ആഗസ്റ്റിൽ കൊല്ലത്ത് ശ്രീനാരായണ വിലാസം ആയുർവേദ ഫാർമസി (SNVA) സ്ഥാപിച്ചു. ഗുണമേന്മയും വിശ്വാസ്യതയും മിതമായ വിലയുംകൊണ്ട് എസ്.എൻ.വി.എ. ഫാർമസിയുടെ ഔഷധങ്ങൾക്ക് കേരളത്തിനകത്തും പുറത്തും അതിവേഗം പ്രചാരം ലഭിച്ചു. തിരുവനന്തപുരം, തെങ്കാശി, മധുര, മദ്രാസ്, തിരുനെൽവേലി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ശാഖകൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും സംഘാടനശേഷിയുടെയും തെളിവായിരുന്നു.
കേരളത്തിലെ ആയുർവേദ ഔഷധ നിർമ്മാണ-വിപണനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് കുഞ്ഞുരാമൻ വൈദ്യരായിരുന്നു. ഔഷധങ്ങൾ ആധുനിക ശാസ്ത്രീയരീതിയിൽ നിർമ്മിക്കുക, അവയുടെ ഗുണനിലവാരം ദീർഘകാലം നിലനിർത്താൻ കുപ്പികൾ, ടിന്നുകൾ, പായ്ക്കറ്റുകൾ എന്നിവയിൽ സുരക്ഷിതമായി പായ്ക്ക് ചെയ്യുക, ആകർഷകമായ ലേബലുകളും വർണാഭമായ പൊതികളുമുപയോഗിച്ച് വിപണിയിലെത്തിക്കുക എന്നീ സമ്പ്രദായങ്ങൾ കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് അദ്ദേഹമാണ്. ഇതിനായി സഹോദരൻ പരമുവിനെ കൊൽക്കത്തയിലേക്ക് അയച്ച് പുതിയ സാങ്കേതികവിദ്യകൾ അഭ്യസിപ്പിച്ച ശേഷമാണ് അവ കേരളത്തിൽ നടപ്പാക്കിയത്.
ആയുർവേദത്തിന്റെയും സംസ്കൃതത്തിന്റെയും പ്രചാരണത്തിനായി 1921-ൽ കൊല്ലത്ത് ഒരു സംസ്കൃത–ആയുർവേദ വിദ്യാലയം സ്ഥാപിച്ചു. മുപ്പത് വർഷത്തോളം പ്രവർത്തിച്ച ഈ സ്ഥാപനം സംസ്കൃതത്തിൽ പ്രഥമം മുതൽ ശാസ്ത്രിവരെയും ആയുർവേദത്തിൽ പ്രഥമം മുതൽ തൃതീയം വരെയും പഠനസൗകര്യം ഒരുക്കി. തിരുവിതാംകൂർ സർക്കാരിന്റെ അംഗീകാരവും ധനസഹായവും ലഭിച്ച ഈ സ്ഥാപനം അനേകം വൈദ്യന്മാരെയും പണ്ഡിതന്മാരെയും സമൂഹത്തിന് സംഭാവന ചെയ്തു.
വൈദ്യർ സ്വന്തമായി ഒരു അച്ചുകൂടം സ്ഥാപിച്ച് അവിടെ നിന്ന് “ആയുർവേദം” എന്ന മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. റിട്ടയേർഡ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് കോമലേഴത്ത് ശങ്കരൻ വക്കീലും പരവൂർ പി. കെ. ദാമോദരൻ വക്കീലും പ്രസ്സിന്റെ മാനേജർമാരായിരുന്നു. ആയുർവേദ വിജ്ഞാനത്തിന്റെ പ്രചാരണത്തിനും ചികിത്സാരീതികളുടെ വ്യാപനത്തിനും ഈ മാസിക വലിയ പങ്കുവഹിച്ചു.
1926-ൽ ശ്രീമൂലം പ്രജാസഭയിലേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായിരുന്നു. 1932-ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിൽ നിന്ന് സ്വർണ്ണ കീർത്തിമുദ്രയും പ്രശംസാപത്രവും ലഭിച്ചത് അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രസേവനത്തിനുള്ള രാജകീയ അംഗീകാരമായിരുന്നു.
ആയുർവേദ ചികിത്സാരംഗത്ത് മാത്രമല്ല, പൊതുസേവനരംഗത്തും അദ്ദേഹം മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചു. കൊല്ലം മുനിസിപ്പൽ കൗൺസിലർ, വില്ലേജ് പഞ്ചായത്ത് ജഡ്ജി, ഓണററി മജിസ്ട്രേറ്റ്, ആയുർവേദ മഹാമണ്ഡലം ജനറൽ സെക്രട്ടറി, 1951-ൽ തിരുവിതാംകൂർ ആയുർവേദ ഫാക്കൽറ്റിയുടെയും ആയുർവേദ ബോർഡ് ഓഫ് സ്റ്റഡീസിന്റെയും അംഗം, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സമൂഹത്തിന് വിലപ്പെട്ട സേവനങ്ങൾ നൽകി.
കൊല്ലത്തെ എ. ഡി. കോട്ടൺ മില്ലിലെ എൻജിൻറൂം സൂപ്പർവൈസറായിരുന്ന ശങ്കരന്റെയും ആശ്രമം കല്ലുംപുറത്ത് വീട്ടിൽ ചക്കിയുടെയും മകളായിരുന്ന ലക്ഷ്മിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പതിനൊന്ന് മക്കളുടെ പിതാവായിരുന്നു തിളവിള.എൻ. കുഞ്ഞുരാമൻ വൈദ്യർ. ഭാസ്‌കരൻ, സുമുഖിക്കുട്ടി, ഭാരതിക്കുട്ടി, മോഹനൻ വൈദ്യർ, അരുന്ധതി, സഹദേവൻ, അയ്യപ്പൻകുട്ടി, ഗോപാലകൃഷ്ണൻ, ഡോ. രാജൻ, സുബ്രഹ്മണ്യൻ എന്നിവരായിരുന്നു മക്കൾ
ഏകദേശം ആറു പതിറ്റാണ്ടുകാലം കൊല്ലം പട്ടണത്തിന്റെ ചികിത്സാരംഗത്ത് നിറഞ്ഞുനിന്ന തിനവിള എൻ. കുഞ്ഞുരാമൻ വൈദ്യർ 1964 ജൂലൈ 19 ന് അന്തരിച്ചു.