തിരുവനന്തപുരം: ന്യൂഡൽഹിയിലെ ഇന്ത്യൻ വൈറോളജിക്കൽ സൊസൈറ്റിയും (IVS) തിരുവനന്തപുരത്തെ ഐസിഎആർ–കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും (ICAR-CTCRI) സംയുക്തമായി സംഘടിപ്പിക്കുന്ന വൈറോകോൺ 2026 (VIROCON 2026) ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ‘മാറുന്ന ലോകത്തിലെ വൈറസുകൾ: പരിസ്ഥിതിശാസ്ത്രം, പരിണാമം, ഭാവി മുന്നൊരുക്കങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനം 13 വരെ തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിലാണ് നടക്കുന്നത്. ഉയർന്നുവരുന്ന വൈറസ് ഭീഷണികളും അവയെ നേരിടുന്നതിനുള്ള ദേശീയതല മുന്നൊരുക്കങ്ങളും ചർച്ച ചെയ്യുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർ, അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, വ്യവസായ മേഖലയിലെ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 80 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം 350 പേരാണ് ത്രിദിന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഐസിഎആർ–ദേശീയ വാഴ ഗവേഷണ കേന്ദ്രം, കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ICAR) വിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. യശ്പാൽ സിങ് മാലിക് സമ്മേളനം ഉദ്ഘാടനം ചെയ്തു. രോഗാണുക്കളെ തിരിച്ചറിയുന്നതിലും രോഗവ്യാപനം പ്രവചിക്കുന്നതിലും വാക്സിൻ വികസിപ്പിക്കുന്നതിലും ഇന്ത്യ കൈവരിച്ച പുരോഗതി അദ്ദേഹം എടുത്തുകാട്ടി. കോവിഡ് മഹാമാരിയുടെ സമയത്ത് ഇത് ലോകം കണ്ടതാണ്. വികസിത ഭാരതം, ആത്മനിർഭർ ഭാരതം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വൈറോളജി ഗവേഷണ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവശാസ്ത്രജ്ഞർക്കും ഗവേഷണ വിദ്യാർഥികൾക്കും മുൻഗണന നൽകി പരിശീലന പരിപാടികൾ, ശാസ്ത്രീയ സെമിനാറുകൾ, സംയുക്ത ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ മനുഷ്യവിഭവശേഷി വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ടി. സജിത റാണി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഐസിഎആർ–കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത വഹിച്ചു. ഉയർന്നുവരുന്ന വൈറസ് ഭീഷണികളെ നേരിടുന്നതിന് വിവിധ ശാസ്ത്രമേഖലകൾ തമ്മിലുള്ള സഹകരണവും സംയോജിത ഗവേഷണവും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘാടക സെക്രട്ടറി ഡോ. ടി. മഹേഷ്കുമാർ സ്വാഗതവും, ഡോ. എച്ച് കേശവകുമാർ കൃതജ്ഞതയും പറഞ്ഞു.

പുതുതായി ഉയർന്നുവരുന്നതും വീണ്ടും വ്യാപിക്കുന്നതുമായ വൈറസ് രോഗങ്ങളെ നേരിടുന്നതിന് മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി എന്നിവയും സംയോജിപ്പിച്ചുള്ള ‘വൺ ഹെൽത്ത്’ (One Health) സമീപനത്തിന്റെ പ്രാധാന്യം സമ്മേളനം ഊന്നിപ്പറയുന്നു.വൈറസ് രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ശാസ്ത്രീയ ഗവേഷണഫലങ്ങളെ പ്രായോഗിക സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനും സമ്മേളനം പ്രാധാന്യം നൽകുന്നു. മൂന്ന് ശാസ്ത്രീയ പ്രഭാഷണങ്ങൾ, ഏഴ് മുഖ്യപ്രഭാഷണങ്ങൾ, പത്ത് സാങ്കേതിക സെഷനുകൾ, 14 യുവശാസ്ത്രജ്ഞ പുരസ്കാര അവതരണങ്ങൾ, അതിർത്തികൾ കടന്നുള്ള ജൈവസുരക്ഷ സംബന്ധിച്ച പാനൽ ചർച്ച, 133 പോസ്റ്റർ അവതരണങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികൾ.
