ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രാജസ്ഥാനോട് തോൽവി. 50 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.3 ഓവറിൽ 85 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഓപ്പണർ ധൃതി മാഥൂറിന്റെ തകർപ്പൻ ഇന്നിങ്സാണ് കരുത്ത് പകർന്നത്. 66 പന്തുകളിൽ നിന്ന് 85 റൺസുമായി ധൃതി പുറത്താകാതെ നിന്നു. പ്രിയൻഷി ചൗധരി 31 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ബാറ്റിങ് നിരയുടെ സമ്പൂർണ പരാജയം തിരിച്ചടിയായി. 25 റൺസെടുത്ത നിവേദ്യമോൾ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അമീറ ബീഗം 14-ഉം അനുഷ്ക സി.വി. 13-ഉം പാർവതി കുഞ്ഞുമോൻ 12-ഉം റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ നിഷിത സോതിയാണ് രാജസ്ഥാൻ ബൗളിങ് നിരയിൽ തിളങ്ങിയത്.
