രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി1 min read

 

ലഖ്നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി.

ടൂർണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.ആർ. രോഹിതിന്റെ തകർപ്പൻ ബാറ്റിങ്ങാണ് മുംബൈയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 69 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായ കേരളത്തെ രോഹിതും മാനവ് കൃഷ്ണയും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 132 റൺസ് കൂട്ടിച്ചേർത്തു. മാനവ് കൃഷ്ണ 74 പന്തുകളിൽ 67 റൺസെടുത്തപ്പോൾ രോഹിത് 110 പന്തുകളിൽ 118 റൺസ് നേടി. 14 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. തുടർന്നെത്തിയ തോമസ് മാത്യു 51 പന്തുകളിൽ 61 റൺസുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി ഷെയ്ൻ റാസ മൂന്നും ശൗര്യ റായ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ അഭിനവ് സാഹയും ആയുഷ് മഖ്വാനയും ചേർന്ന് മികച്ച തുടക്കം നൽകി. അഭിനവ് 51-ഉം ആയുഷ് 74-ഉം റൺസെടുത്തു. ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഇഷാൻ കുനാൽ കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്സുമായി നിലയുറപ്പിച്ച ആര്യൻ സക്പാൽ മുംബൈയ്ക്ക് വിജയമൊരുക്കി. 73 പന്തുകളിൽ 87 റൺസുമായി ആര്യൻ പുറത്താകാതെ നിന്നു. അർജുൻ ഗദോയ 39 റൺസെടുത്തു. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.