തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭയുടെ 101 വാര്‍ഡുകളില്‍ പാതയോരത്ത് അനധികൃതമായി വലിച്ചുകെട്ടിയിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ പദ്ധതി തയ്യാറാക്കി. നഗരസഭ ടൗണ്‍പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ടാഗ് ചെയ്യാത്ത മുഴുവന്‍ കേബിളുകളും സമയബന്ധിതമായി നീക്കം ചെയ്യാന്‍ ധാരണയായി. ഉപയോഗശൂന്യമായ കേബിളുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുവാനും ടാഗ് ചെയ്ത കേബിളുകള്‍ ഒരു വശത്തേയ്ക്ക് കേന്ദ്രീകരിച്ച് ഘടിപ്പിക്കാനും തീരുമാനിച്ചു. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആദ്യഘട്ട പ്രവര്‍ത്തനമാണിത്. കേബിള്‍, ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാരും ഫ്രാഞ്ചൈസി പ്രതിനിധികളും അടക്കം അമ്പതോളം പേര്‍ പങ്കെടുത്തു. ഉപയോഗപ്രദമല്ലാത്ത കേബിളുകള്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരായ കമ്പനികളും ഫ്രാഞ്ചൈസികളും ജൂണ്‍ 2 നകം സ്വന്തം ചെലവില്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാക്കിയുള്ള കേബിളുകള്‍ അനധികൃതമായി കണക്കാക്കി ഘട്ടംഘട്ടമായി നഗരസഭ നീക്കം ചെയ്യുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ടൗണ്‍പ്ലാനിംഗ് കമ്മിറ്റി അംഗങ്ങള്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സജീഷ് ആര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
2026-05-23
