തിരുവനന്തപുരം :കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 68 മത് തിരുവനന്തപുരം ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ടിൽ (അഡ്വക്കേറ്റ് പൂന്തറ സോമൻ നഗറിൽ) ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. തനത് ആയോധനകലകളെ പരിപോഷിപ്പിക്കും. യുവതലമുറയുടെ ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും കളരിപ്പയറ്റ് പരിശീലനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സീനിയർ ജൂനിയർ സബ് ജൂനിയർ വിഭാഗത്തിലെ 400 ഓളം കുട്ടികൾ മത്സരിക്കുന്നു. കളരിപ്പയറ്റിലെ മെയ്താരി മുതൽ അംഗതാരി വരെയുള്ള 13 ഇനങ്ങളിലാണ് മത്സരം.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കരമന ഹരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ Dr.അമ്പു.ആർ നായർ, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് ആർ.ശ്രീധരൻ നായർ, പി. കൃഷ്ണപിള്ള ആശാൻ, അഡ്വക്കേറ്റ് കെ. ജി വിധുമോഹൻ, കൺവീനർ വി.ശൈലജൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓർഗനൈസിംഗ് സെക്രട്ടറി അഡ്വക്കേറ്റ് ആർ.വസന്ത മോഹൻ മുഖ്യ പ്രഭാഷണം നടത്തി , കെ. രവീന്ദ്രൻ ആശാൻ സ്വാഗതവും ജി.ബാലചന്ദ്രൻ ആശാൻ നന്ദിയും പറഞ്ഞു.
