തളിർ – വർണ്ണോത്സവം ശനി, ഞായർ ദിവസങ്ങളിൽ1 min read

തിരുവനന്തപുരം :ഇത്തവണത്തെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ ‘വർണ്ണോത്സവം’-ന്റെ ഭാഗമായി, തിരുവനന്തപുരം ജില്ലയിലെ 50-ഓളം ചിൽഡ്രൻസ് ഹോമുകളിലെ എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന *’തളിർ – വർണ്ണോത്സവം’* ശനി, ഞായർ ദിവസങ്ങളിൽ (നവംബർ 07, 08) നടക്കും.

തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ, ഗവ. സംഗീത കോളേജ്, ഗാന്ധി സ്മാരക നിധി എന്നിവിടങ്ങളിലായി 25 ഇനങ്ങളിലാണ് മത്സരങ്ങൾ. വിവിധ ഹോമുകളിൽ നിന്നായി ആയിരത്തിൽ പരം ബാല-കൗമാര പ്രതിഭകൾ തങ്ങളുടെ സർഗ്ഗവൈഭവം മാറ്റുരയ്ക്കും.

*ശനിയാഴ്ച (ഇന്ന്) രാവിലെ 10 മണിക്ക്* ശിശുക്ഷേമ സമിതി ഹാളിൽ സംഗീതജ്ഞൻ കാവാലം ശ്രീകുമാറും വനിത-ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീമതി. ഷീബാ ജോർജ് ഐ.എ.എസും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറി നിൽക്കേണ്ടവരല്ല, അവരും നമ്മുടെ കുട്ടികൾ തന്നെയാണ് എന്ന ഓർമ്മപ്പെടുത്തലാണ് തളിർ. അവസരങ്ങൾ കുറവാണെന്ന് കരുതുന്നിടത്ത് നിന്ന്, പ്രതിഭയുടെ വലിയ വസന്തം തന്നെ വിരിയിക്കാൻ കഴിയുമെന്ന് ഈ കുരുന്നുകൾ തെളിയിക്കും.