നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു..1 min read

 

തിരുവനന്തപുരം:ബയോമെഡിക്കൽ സാങ്കേതികവിദ്യയിലെ ഗവേഷണങ്ങളുടെ ഗുണനിലവാരം, വിശ്വാസ്യത, അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം എന്നിവ ഉറപ്പുവരുത്തുന്നതിനായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) 2026 സെപ്റ്റംബർ 7, 8 തീയതികളിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി രണ്ട് ദിവസത്തെ ഗുഡ് ലാബറട്ടറി പ്രാക്ടീസ് (GLP) ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.

ന്യൂഡൽഹിയിലെ നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റിയും (NGCMA) ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ബയോമെഡിക്കൽ ഗവേഷണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുരക്ഷ, ഫലപ്രാപ്തി വിലയിരുത്തൽ എന്നിവയിൽ ജി.എൽ.പി. തത്ത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കുക എന്നതാണ് വിദ്യാർത്ഥികളെയും ഗവേഷകരെയും വിദഗ്ദ്ധരെയും ഒരുമി‌‌‌പ്പിച്ചു കൊണ്ടുളള ശിൽപശാലയുടെ ഉദ്ദ്ദേശ്യം.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി , മുഖ്യാതിഥിയായ നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റി ഡി.എസ്.ടി മേധാവി ഡോ. ഏക്താ കപൂർ എന്നിവർ ചേർന്നു ശിൽ പശാല ഉദ്ഘാടനം ചെയ്തു. ബയോമെഡിക്കൽ ടെക്നോളജി വിംഗ് മേധാവി ഡോ. ഹരികൃഷ്ണ വർമ്മ പി.ആർ., ടെക്നിക്കൽ മാനേജർ ഡോ. രമേഷ് പി., ക്വാളിറ്റി മാനേജർ ഡോ. അനുഗ്യ ഭട്ട് എന്നിവർ പങ്കെടുത്തു. ജി.എൽ.പി. നടപ്പാക്കലും മാനേജ്‌മെന്റും, ജി.എൽ.പി.യുടെ ഓർഗനൈസഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലൊപ്മെന്റ് (OECD) തത്ത്വങ്ങൾ, ടെസ്റ്റ് ഐറ്റങ്ങളും സിസ്റ്റങ്ങളും, ജി.എൽ.പി. സംവിധാനത്തിലെ പ്രധാന വ്യക്തികളുടെ ചുമതലകൾ, ക്വാളിറ്റി അഷ്വറൻസ് യൂണിറ്റുകൾ, ഡാറ്റാ ആർക്കൈവിംഗ്, കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റങ്ങൾ, രേഖകൾ തയ്യാറാക്കൽ തുടങ്ങിയ വിവിധ വിഷയങ്ങൾ സാങ്കേതിക സെഷനുകളിൽ ചർച്ച ചെയ്തു. ബയോമെഡിക്കൽ ഉപകരണങ്ങളുടെ സുരക്ഷാ വിലയിരുത്തലിൽ ജി.എൽ.പി.യുടെ പ്രാധാന്യത്തെക്കുറിച്ചും, ഒ.ഇ.സി.ഡി. തത്ത്വങ്ങളും ISO/IEC 17025 ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രത്യേക സെഷനുകൾ നടന്നു.

നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റി, സി.എസ്.ഐ.ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകി.പങ്കെടുക്കുന്നവർക്ക് പരസ്പരം സംവദിക്കുന്നതിനും നെറ്റ്‌വർക്കിംഗിനും പ്രതികരണങ്ങൾ പങ്കുവെക്കുന്നതിനുമുള്ള അവസരങ്ങളും ഈ ശില്പശാല നൽകി.

സെപ്റ്റംബർ 8-ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിനായി “ശ്രീ ചിത്രയിൽ ജി.എൽ.പി. നടപ്പിലാക്കുന്നതിനുള്ള കർമ്മരേഖ” എന്ന വിഷയത്തിൽ ഒരു പ്രത്യേക പാനൽ ചർച്ച സംഘടിപ്പിച്ചു. ശ്രീചിത്രയിലെ ഡയറക്ടർ, ബി.എം.ടി. വിംഗ് മേധാവി, അസോസിയേറ്റ് മേധാവി, വിവിധ വകുപ്പ് മേധാവികൾ, സെക്ഷൻ ഇൻ-ചാർജുമാർ, നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജി.എൽ.പി. പാലിക്കുന്നതിനുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ക്വാളിറ്റി സിസ്റ്റം ആവശ്യകതകൾ, ബന്ധപ്പെട്ടവരുടെ ചുമതലകൾ, പരിശീലനം, രേഖകളും എസ്.ഒ.പി.കളും (SOP), ക്വാളിറ്റി അഷ്വറൻസ് സംവിധാനങ്ങൾ, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ സജ്ജീകരണങ്ങൾ, ഭാവിയിലെ വെല്ലുവിളികൾ എന്നിവ ചർച്ചയിൽ വിഷയം ആയി. നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസ് കംപ്ലയൻസ് മോണിറ്ററിംഗ് അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശത്തോടെ ജി.എൽ.പി. നടപ്പാക്കുന്നതിനുള്ള മുൻഗണനാ പ്രവർത്തനങ്ങൾ, സമയപരിധിഘടനാപരമായ കർമ്മരേഖ എന്നിവയും ചർച്ച ചെയ്തു.

പങ്കെടുത്തവരുടെ അഭിപ്രായ രൂപീകരണത്തോടും സ്ഥാപനപ്രതിനിധികളുടെ സമാപന പ്രസംഗത്തോടും കൂടി ശിൽപശാല സമാപിച്ചു. ഗവേഷക സമൂഹത്തിനിടയിൽ ജി.എൽ.പി. ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും ബയോമെഡിക്കൽ ഗവേഷണങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വിശ്വസനീയവും കണ്ടെത്താൻ സാധിക്കുന്നതുമായ ഡാറ്റ ഉറപ്പാക്കുന്നതിനും ശിൽപശാല സഹായകമായി.