തിരുവനന്തപുരം: ഭൂരിപക്ഷാധിപത്യം ശക്തിപ്രാപിക്കുമ്പോള്‍ അത് ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങളെ മറികടക്കുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ടെന്നും, മതനിരപേക്ഷതയെ പ്രതികൂലമായി ബാധിക്കുമെന്നും പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രഭാത് പട്നായിക്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ വജ്ര ജൂബിലി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷവാദവും ഭരണഘടനയും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണഘടനയ്ക്കും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കണമെന്ന് ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ കൊളോണിയല്‍ വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരുന്നത്. ആഫ്രിക്കയടക്കമുള്ള മറ്റ് കോളനി രാജ്യങ്ങളിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിഭിന്നമായിരുന്നു ഇവിടുത്തെ ഉദ്യോഗസ്ഥരുടെ സമീപനം. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ കോളനിവിരുദ്ധ സമരം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനകീയ സ്വഭാവമുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ 27 ലക്ഷം ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് ആശങ്കാജനകമാണെന്നും അത്യന്തം സാമ്പത്തികസാമൂഹിക അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ജനാധിപത്യം ആരോഗ്യകരമായി നിലനില്‍ക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോ ഫാസിസവും നിയോ ലിബറലിസവും ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ രാഷ്ട്രീയസാമ്പത്തിക അവകാശങ്ങള്‍ ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളിലും നവ ഫാസിസം പടരുന്നുണ്ട്. രാജ്യം വളര്‍ച്ച നേടുന്നു എന്നു പറയുമ്പോഴും ദാരിദ്രവും അസമത്വവും വര്‍ധിക്കുന്നു. കെ.ജി.ഒ.എ നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
