നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കും : മന്ത്രി കെ. മുരളിധരൻ1 min read

തിരുവനന്തപുരം : കേന്ദ്ര, സംസ്‌ഥാന ഗവൺമെൻ്റുകളുടെയും നഗരസഭയുടെയും സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ – ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. നേരത്തേ താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ മാലിന്യ സംസ്‌കരണ മേഖലയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരമുണ്ടാക്കും. കേരളം മാറുകയാണ്. പുതിയ തലമുറയ്ക്ക് രാഷ്ട്രീയമൊന്നും ബാധകമല്ല. കാര്യങ്ങൾ നേരാംവണ്ണം ചെയ്യുന്നവരെ യുവജനത പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണമ്മൂല വാര്‍ഡിന്റെ ഒരു കിലോമീറ്റര്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളും മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുന്നതും നിയന്ത്രിക്കാന്‍ നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ പാറ്റൂര്‍ രാധാകൃഷ്ണന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച 17 സി.സി.ടി.വി. ക്യാമറകളുടെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി. വാര്‍ഡിന്റെ മധ്യത്തിലൂടെ ഒഴുകുന്ന പട്ടം തോട്ടിലെ മാലിന്യ നിക്ഷേപം കാരണം ഈ പ്രദേശം ദുര്‍ഗന്ധം നിറഞ്ഞതായിരുന്നു. പകര്‍ച്ചവ്യാധികളും ഉണ്ടായിരുന്നു. മാംസാവശിഷ്ടം ഉള്‍പ്പെടെ നൂറുകണക്കിന് മാലിന്യക്കെട്ടുകളാണ് ദിവസേന ഈ തോട്ടില്‍ നിക്ഷേപിക്കപ്പെടുന്നത്. ഗൗരീശപട്ടം മഹാദേവക്ഷേത്രം മുതല്‍ ‘എസ്’ മുടുക്കുവഴി സ്വാതി നഗര്‍ വരെ നിരീക്ഷിക്കാവുന്ന തരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 17 ഹൈ റെസല്യൂഷന്‍ നൈറ്റ് വിഷന്‍ ക്യാമറകളാണ് സ്ഥാപിച്ചത്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സി.എസ്.ആര്‍. ഫണ്ടാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്. ക്ഷേത്രത്തിലേക്കുള്ള വഴി ഇതോടെ മാലിന്യമുക്തമാകും. ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മേയര്‍ വി.വി. രാജേഷ് മുഖ്യാതിഥിയായി.
ജി ആർ എ പ്രസിഡൻ്റ് മോഹൻ വർഗീസ്, സെക്രട്ടറി രാധാകൃഷ്ണൻ കെ, എസ് ആർ എ പ്രസിഡൻ്റ് മഞ്ഞപ്പാറ റഷീദ്, സെക്രട്ടറി പി. മധുസൂദനൻ എന്നിവരും സംസാരിച്ചു.