മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ1 min read

 

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത് എൽഡിഎഫ്- യുഡിഎഫ് ഒത്തുകളിയുടെ ഭാഗമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞതു ചങ്കു തൊടാതെ വിഴുങ്ങുകയാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചെയ്തത്. വിഡി സതീശൻ ഒത്തുകളി രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. യുഡിഎഫിന് വോട്ട് ചെയ്ത മുഴുവൻ വോട്ടർമാരെയും അവർ വഞ്ചിച്ചു. രാഹുൽ ഗാന്ധിയുടെ നിർദേശം അനുസരിച്ചാണോ സതീശനും ചെന്നിത്തലയും പിണറായിയെ രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന സംശയം ജനങ്ങൾക്കുണ്ട്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ നിയമനടപടികളിലാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന വാദമുയർത്തി പിണറായി വിജയന്റെ അപ്പീലിനെ സർക്കാർ അനുകൂലിച്ചത് ഗൗരവതരമാണ്. ഈ നിലപാട് എന്തുകൊണ്ടാണ് സ്വീകരിച്ചതെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കണം.

ഒരു സാധാരണ പൗരനെതിരെ ഉയരുന്ന ആരോപണങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും അധികാരത്തിലിരുന്നവർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ സ്വീകരിക്കുന്ന നിലപാടും വ്യത്യസ്തമാകരുത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം. ആരോപണങ്ങൾ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിലൂടെ പരിശോധിക്കപ്പെടണം.

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ ആരോപണങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല. സാമ്പത്തിക ഇടപാടുകളുടെ യഥാർഥ സ്വഭാവം പുറത്തുകൊണ്ടുവരികയും നിയമപരമായ ഉത്തരവാദിത്വം ഉറപ്പാക്കുകയും വേണം.

ഇതിനിടെ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും മറ്റുള്ളവരും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത് സ്വാഗതർഹമാണ് . ഈ സാഹചര്യത്തിൽ, കേസിന്റെ തുടർനടപടികൾ നിയമാനുസൃതമായും സുതാര്യമായും മുന്നോട്ടുപോകേണ്ടത് അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.