2026 നവംബർ 1 മുതൽ നവംബർ 30 വരെ രാജ്യത്തുടനീളമുള്ള 2000 ജില്ലകളിലും സബ് ജില്ലകളിലുമായാണ് ഈ ക്യാമ്പയ്ൻ നടപ്പിലാക്കുന്നത്. വിദൂര പ്രദേശങ്ങളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ള എല്ലാ പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ ഫേസ് ഓതന്റിക്കേഷൻ , ഫിംഗർപ്രിന്റ് ബയോമെട്രിക് ഓതന്റിക്കേഷൻ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും, മുതിർന്ന പൗരന്മാർക്ക് അവരുടെ വീടുകളിലോ അടുത്തുള്ള പോസ്റ്റ് ഓഫീസുകളിലോ നിന്ന് തന്നെ ഈ സേവനം ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ പെൻഷൻകാർക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഡിഎൽസി ക്യാമ്പയ്ൻ 5.0 സഹായിക്കുന്നു. ഇതിനായി ഇന്ത്യയിലെ ലക്ഷക്കണക്കിന് പോസ്റ്റ്മാൻമാരുടെയും ഗ്രാമീൺ ഡാക് സേവകരുടെയും (GDS) സേവനം തപാൽ വകുപ്പും ഐ.പി.പി.ബി-യും (IPPB) പ്രയോജനപ്പെടുത്തുന്നുണ്ട്. പോസ്റ്റ് ഓഫീസുകൾ വഴിയോ, പെൻഷൻകാരുടെ വീട്ടുപടിക്കൽ എത്തിച്ചോ, അല്ലെങ്കിൽ പ്രത്യേക ഡിഎൽസി ക്യാമ്പുകൾ വഴിയോ ഈ സേവനം ലഭ്യമാക്കും.
പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകൾ, യു.ഐ.ഡി.എ.ഐ (UIDAI) തുടങ്ങിയ വിവിധ സംഘടനകളുടെ പിന്തുണയും ഈ ക്യാമ്പയ്നിനുണ്ട്. പെൻഷൻകാർക്ക് പരമ്പരാഗത രീതിയിലുള്ള പേപ്പർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും, വളരെ എളുപ്പത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും ക്യാമ്പയ്ൻ സഹായിക്കും.
കേന്ദ്ര-സംസ്ഥാന സർവീസുകളിലെയും ഇ.പി.എഫ്.ഒ (EPFO)-യിലെയും പെൻഷൻകാർക്കായി ‘ജീവൻ പ്രമാൺ’ (Jeevan Pramaan) ലഭ്യമാക്കുന്ന വീട്ടുപടിക്കൽ
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം ഐ.പി.പി.ബി 2020-ൽ തന്നെ ആരംഭിച്ചിരുന്നു. ബയോമെട്രിക് ഓതന്റിക്കേഷൻ വഴിയുള്ള ഈ സേവനം പ്രായമായ പെൻഷൻകാർക്ക് ഏറെ പ്രയോജനകരമാണ്. ഇതിലൂടെ പെൻഷൻ വിതരണ ഏജൻസികളുടെ ഓഫീസുകളിൽ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നു.
പെൻഷൻകാർക്ക് പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴിയോ അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ചോ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ജി.എസ്.ടി ഉൾപ്പെടെ 70 രൂപയാണ് പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴി ലഭിക്കുന്ന ഈ സേവനത്തിനായി ഈടാക്കുന്ന നാമമാത്രമായ ഫീസ്. ഈ സേവനം ലഭിക്കുന്നതിനായി പെൻഷൻകാർ തങ്ങളുടെ ആധാർ നമ്പറും, പെൻഷൻ വിവരങ്ങളും ആവശ്യമായ മറ്റ് വിശദാംശങ്ങളും നൽകേണ്ടതാണ്. സർട്ടിഫിക്കറ്റ് ജനറേഷൻ പ്രക്രിയ പൂർത്തിയാകുമ്പോൾ പെൻഷൻകാരുടെ മൊബൈൽ നമ്പറിൽ സ്ഥിരീകരണ സന്ദേശം (SMS) ലഭിക്കും. അടുത്ത ദിവസം മുതൽ https://jeevanpramaan.gov.in/v1.0/ എന്ന വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് ഓൺലൈനായി കാണാൻ സാധിക്കും.
