മൂന്നാറിലെ 28 കോടിയുടെ ഫൈവ് സ്റ്റാർ റിസോർട്ട്, തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, ഡൽഹി കമ്പനിയുടെ ലൈസൻസിൽ സ്വന്തം ചാനൽ! ബി.എൽ.എം തട്ടിപ്പിൽ ആർ. പ്രേംകുമാറിന്റെ ഞെട്ടിക്കുന്ന പണമിടപാടുകൾ പുറത്ത്1 min read

തിരുവനന്തപുരം / കോഴിക്കോട് / ചെന്നൈ: സഹകരണ സൊസൈറ്റിയുടെ മറവിൽ ലക്ഷക്കണക്കിന് നിക്ഷേപകരെ പറ്റിച്ച് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ‘ഭാരത് ലജ്ന മൾട്ടി-സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’ (BLM) ചെയർമാൻ ആർ. പ്രേംകുമാറിന്റെയും സംഘത്തിന്റെയും കള്ളക്കടത്ത്-പണമിടപാട് ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേരളത്തെയും തമിഴ്നാടിനെയും ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ മിന്നൽ പരിശോധനയോടെ സൊസൈറ്റിയുടെ കള്ളക്കളികൾ ഓരോന്നായി വെളിച്ചത്തുവരികയാണ്.
തുടക്കത്തിൽ 300 കോടി രൂപയുടെ തിരിമറിയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയതെങ്കിൽ, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി 150 ശാഖകളും 15 ലക്ഷം അംഗങ്ങളുമുള്ള ബി.എൽ.എമ്മിന്റെ തട്ടിപ്പ് വ്യാപ്തി 5,000 കോടി രൂപയോള വരും എന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. 2006-ൽ ചെന്നൈയിൽ വെറും ഹൗസിംഗ് സൊസൈറ്റിയായി തുടങ്ങിയ സ്ഥാപനം; മൂന്നാറിലെ ഫൈവ് സ്റ്റാർ റിസോർട്ട്, തിരുവനന്തപുരത്തെ ആഡംബര ഹോട്ടൽ, സിനിമ നിർമ്മാണ കമ്പനി, തൃശൂരിലെ തിയേറ്റർ, ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലൈസൻസിൽ പ്രവർത്തിക്കുന്ന മലയാളം വാർത്താ ചാനൽ എന്നിവയടക്കം 320 ബാങ്ക് അക്കൗണ്ടുകളുള്ള ഒരു സാമാന്തര സാമ്പത്തിക മാഫിയയായി മാറിയതെങ്ങനെ?
അടിപിടി കേസിൽ തുടങ്ങി പണ്ടോറയുടെ പെട്ടി തുറന്നപ്പോൾ
സാധാരണ ചിട്ടി-നിക്ഷേപ തട്ടിപ്പുകാരെപ്പോലെ രാത്രിക്ക് രാത്രി മുങ്ങുന്നതിന് പകരം തികച്ചും അപ്രതീക്ഷിതമായാണ് ബി.എൽ.എമ്മിന്റെ തട്ടിപ്പുകൾ പോലീസിന്റെ മുന്നിലെത്തുന്നത്. ബി.എൽ.എമ്മിന്റെ മുൻ സി.ഇ.ഒ നവീൻ എസ്. നായർ കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ മർദ്ദന പരാതിയാണ് എല്ലാറ്റിനും തുടക്കമിട്ടത്. പ്രേംകുമാറും സംഘവും തന്നെ ആക്രമിച്ചു എന്നായിരുന്നു പരാതി. പിന്നീട് ഈ പരാതി പിൻവലിച്ചെങ്കിലും, പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സൊസൈറ്റിയുടെ അക്കൗണ്ടുകളിലെ കോടികളുടെ കള്ളക്കളി പുറത്തുവന്നു.
ഇതോടെ കേരള പോലീസ് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് (EOW) കൈമാറുകയും, ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 316(5), 318(2) പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനിടയിൽ നിക്ഷേപകർ പണം കിട്ടാതെ നെട്ടോട്ടമോടി. കോതമംഗലത്ത് 1.60 കോടി രൂപ നിക്ഷേപിച്ച മുൻ ബോർഡ് അംഗം സോണിയ മോൾ സെബാസ്റ്റ്യൻ പണം തിരികെ ചോദിച്ചപ്പോൾ മാനേജ്മെന്റ് 2027-ഓടെ മാത്രമേ തരൂ എന്ന് പറഞ്ഞ് കൊച്ചിയിലെ ഹോട്ടലിൽ വെച്ച് പരസ്യമായി അപമാനിച്ച സംഭവവും പുറത്തുവന്നു.
തട്ടിപ്പിനായി പ്രേംകുമാറും സംഘവും പയറ്റിയ 8 പ്രധാന തന്ത്രങ്ങൾ:
1. ബൈലോ തിരുത്തലും കേന്ദ്ര രജിസ്ട്രേഷന്റെ മറവും
മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (MSCS) ആയതിനാൽ ഡൽഹിയിലെ സെൻട്രൽ രജിസ്ട്രാറുടെ കീഴിലാണ് ബി.എൽ.എം വരുന്നത്. അതുകൊണ്ടുതന്നെ റിസർവ് ബാങ്കിനോ സംസ്ഥാന സഹകരണ രജിസ്ട്രാർമാർക്കോ ഇവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യാൻ കഴിയില്ല. ഈ പഴുത് മുതലെടുത്ത് സൊസൈറ്റിയുടെ ബൈലോ മാറ്റി ഹൗസിംഗിന് പുറമെ വാണിജ്യ നിക്ഷേപങ്ങൾക്കും ഇവർ തുടക്കമിട്ടു. 23 അസോസിയേറ്റ് സ്ഥാപനങ്ങളുടെ പേരിൽ ‘ലാഭവിഹിത മോഡൽ’ കാണിച്ച് സർക്കാർ പിന്തുണയോടെയുള്ള സ്ഥാപനമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച ഇവർക്ക് യാതൊരുവിധ കരുതൽ ധനമോ (Reserve Fund) റിസ്ക് ഫണ്ടോ ഉണ്ടായിരുന്നില്ല.
2. വിരമിച്ച സൈനികരെ വീഴ്ത്തിയ 28% കമ്മീഷൻ കെണി
വിരമിച്ച സൈനികരെയും പ്രവാസികളെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്. സമൂഹത്തിൽ വലിയ ആദരവുള്ള മുൻ സൈനികരെക്കൊണ്ട് തന്നെ നിക്ഷേപങ്ങൾ നടത്തിച്ച് മറ്റുള്ളവരെയും വീഴ്ത്തി. നിക്ഷേപമായി കൊണ്ടുവരുന്ന തുകയുടെ 28 ശതമാനം (ഒരു ലക്ഷത്തിന് 28,000 രൂപ) കമ്മീഷനായി ഏജന്റുമാർക്ക് നൽകി! തിരുവനന്തപുരത്തെ ഒരു മുൻ സൈനികൻ സ്വന്തം നിക്ഷേപത്തിന് മുകളിൽ മാത്രം 2 ലക്ഷം രൂപ കമ്മീഷൻ വാങ്ങി ഈ കൊള്ളയുടെ ഭാഗമായി മാറി.(പരാതിക്കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ )
3. മൂന്നാർ ഫൈവ് സ്റ്റാർ റിസോർട്ട് തട്ടിപ്പ്: Foschia Resorts-ലേക്ക് ഒഴുകിയത് 28.32 കോടി!
ഇടുക്കി ജില്ലയിലെ മൂന്നാറിൽ ചിത്തിരപുരം ഈറ്റി സിറ്റി റോഡിൽ ഹെലിപാഡും റൂഫ് ടോപ്പ് പൂളുമുള്ള 200 മുറികളുള്ള ആഡംബര റിസോർട്ടായ ‘ദി വൈബ് മൂന്നാർ’ (The Vibe Munnar Resorts & Spa) തങ്ങളുടേതാണെന്ന് കാണിച്ച് ഇവർ വൻ പ്രചാരണം നടത്തി.
* പണമിടപാട്: 2022 നവംബറിനും 2024 നവമ്പറിനും ഇടയിൽ ബി.എൽ.എമ്മിന്റെ സഹകരണ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് മൂന്നാർ വൈബ് റിസോർട്ടിന്റെ ഉടമകളായ ‘ഫോസ്കിയ റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ’ (Foschia Resorts Pvt Ltd) അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയത് 28,32,23,921 രൂപയാണ് (28.32 കോടി രൂപ)!
* ഡയറക്ടർ പദവിയും ഒളിച്ചോട്ടവും: പണം ഒഴുകിയെത്തിയതിന് പിന്നാലെ 2023 ഫെബ്രുവരിയിൽ ആർ. പ്രേംകുമാർ ഈ കമ്പനിയുടെ ഡയറക്ടറായി. എന്നാൽ പോലീസ് അന്വേഷണം മുറുകിയതോടെ, തടിയൂരാൻ വേണ്ടി 2026 സെപ്റ്റംബർ 22-ന് പ്രേംകുമാർ ഫോസ്കിയ റിസോർട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് തലയൂരി.
4. ഇറക്കുമതി-കയറ്റുമതി കമ്പനിയും സിനിമയും മറയാക്കി തിരുവനന്തപുരം ഹോട്ടൽ വാങ്ങിയ കഥ
തിരുവനന്തപുരം വഞ്ചിയൂരിലെ ‘വിവിൻ ലക്ഷ്വറി സ്യൂട്ട്സ്’ (Vivin Luxury Suites) എന്ന ആഡംബര ഹോട്ടൽ സ്വന്തമാക്കിയത് ബി.എൽ.എമ്മിന്റെ പേരിലല്ല; മറിച്ച് പ്രേംകുമാറിന്റെ ഭാര്യ പ്രഭ പ്രേംകുമാറിന്റെയും, ഇറക്കുമതി-കയറ്റുമതി-സിനിമ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ‘മാലി & മാൻവി’ (Maali & Manvi) എന്ന കമ്പനിയുടെയും പേരിലാണ്! ഈ കമ്പനിയുടെ ഡയറക്ടർമാർ പ്രഭ പ്രേംകുമാറും നടനായ മകൻ പ്രേംകുമാർ മധുംകേശുമyിരുന്നു.
* ബാങ്ക് രേഖകൾ: ബി.എൽ.എം അക്കൗണ്ടുകളിൽ നിന്ന് പണം ആദ്യം പ്രഭ പ്രേംകുമാറിന്റെയും മാലി & മാൻവിയുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷമാണ് ഹോട്ടലിനുള്ള പണം നൽകിയത്. 2023 മെയ് 31, ജൂൺ 26 (3 കോടി), 2024 ജനുവരി 15 (83 ലക്ഷം), മാർച്ച് 27 (69.49 ലക്ഷം), ജൂലൈ 19 തീയതികളിൽ കൃത്യമായ പണമിടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തി.
* എന്തുകൊണ്ട് ഇറക്കുമതിയും സിനിമയും?: വിദേശ വ്യാപാരവും തമിഴ് സിനിമകളുടെ നിർമ്മാണവും (ഉദാഹരണത്തിന് ‘ബോട്ട്’ സിനിമ) മുഖേന കോടികൾ വെളുപ്പിക്കാൻ എളുപ്പമാണ്. ഇത്തരം കണക്കുകൾ ഓഡിറ്റ് ചെയ്ത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായതിനാലാണ് ഈ മാർഗ്ഗം തിരഞ്ഞെടുത്തത്.
5. കാഞ്ചീപുരത്തെ 300 ഏക്കർ ഭൂമി: വെറുമൊരു ‘പവർ ഓഫ് അറ്റോർണി’ നാടകം
കേരളത്തിലെ മുൻ സൈനികരെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 300 ഏക്കർ സ്ഥലം കൊണ്ടുപോയി കാണിച്ച് “ഇത് ബി.എൽ.എമ്മിന്റെ ഭൂമിയാണ്” എന്ന് വിശ്വസിപ്പിച്ചു. എന്നാൽ ഈ 300 ഏക്കറിന്റെ ആധാരം രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രേംകുമാറിന്റെ ഭാര്യ പ്രഭ പ്രേംകുമാറിന്റെ വ്യക്തിഗത പേരിലാണ്! ബി.എൽ.എമ്മിന്റെ കയ്യിലുള്ളത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാവുന്ന ഒരു ‘പവർ ഓഫ് അറ്റോർണി’ മാത്രം. അതായത് 15 ലക്ഷം നിക്ഷേപകരുടെ പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥത കുടുംബത്തിന്റെ കയ്യിൽ തന്നെ!
6. തൃശൂർ രാഗം തിയേറ്റർ ഇടപാടും 4 കോടിയുടെ കമ്മീഷൻ കളിയും
* തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്റർ വ്യവസായി ജോർജ് ഞെരളപ്പറമ്പിലിൽ നിന്ന് 70.50 കോടി രൂപയ്ക്ക് വാങ്ങാൻ കരാറുണ്ടാക്കി. 2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ ബി.എൽ.എം അക്കൗണ്ടിൽ നിന്ന് ജോർജിന്റെ അക്കൗണ്ടിലേക്ക് 65.42 കോടി രൂപ മാറ്റി.
* ഇതിനു പിന്നാലെ ഒക്ടോബർ 17-ന് ജോർജിന്റെ അക്കൗണ്ടിൽ നിന്ന് 3 കോടി രൂപയും, ഒക്ടോബർ 18-ന് 1 കോടി രൂപയും ആർ. പ്രേംകുമാറിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് തിരികെ (Kickback) എടുത്തു!
* വാങ്ങിയ രാഗം തിയേറ്റർ പിന്നീട് ചെന്നൈ ആസ്ഥാനമായുള്ള ‘ബ്രിയോസ് ഫിൻവെസ്റ്റ്’ (Brios Finvest India Ltd) എന്ന കമ്പനിയിൽ പണയം വെച്ചു. 2022 ജനുവരി 1 വരെ ഈ കമ്പനിയുടെ ഡയറക്ടർ സാക്ഷാൽ ആർ. പ്രേംകുമാർ തന്നെയായിരുന്നു! സൊസൈറ്റിയുടെ 75 ശതമാനം സ്വത്തുക്കളും ഇത്തരത്തിൽ ബന്ധുക്കളുടെ കമ്പനികളിൽ പണയത്തിലാണ്.
7. ഡൽഹി റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലൈസൻസിൽ ‘എം5 ന്യൂസ്’ ചാനലും പ്രൊപ്പഗണ്ടയും
നിക്ഷേപകരുടെ കണ്ണിൽ പൊടിയിടാൻ പ്രേംകുമാറും മകൻ പ്രേംകുമാർ മധുംകേശും ചേർന്ന് ‘എം5 ന്യൂസ്’ (M5 Live) എന്ന മലയാളം വാർത്താ ചാനൽ തുടങ്ങി. പുതിയ സാറ്റലൈറ്റ് ചാനലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിക്കാൻ വൈകിയപ്പോൾ ഇവർ വളഞ്ഞ വഴി പിടിച്ചു:
* ലാൻഡ്‌മാർക്ക് അപ്പാർട്ട്‌മെന്റ്‌സ് കണക്ഷൻ: കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം (സീരിയൽ നമ്പർ 444), എം5 ലൈവ് ചാനലിന്റെ സാറ്റലൈറ്റ് ലൈസൻസ് (മുമ്പ് കർമ്മ ടിവി എന്ന പേരിലുണ്ടായിരുന്നത്) കിടക്കുന്നത് ഡൽഹിയിലെ ‘ലാൻഡ്‌മാർക്ക് അപ്പാർട്ട്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ (ഡയറക്ടർമാർ: ദിനേഷ് കുമാർ, സന്ദീപ് ചില്ലർ) എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിലാണ്!
* പ്രൊപ്പഗണ്ട: ഈ ചാനൽ വഴി ബി.എൽ.എമ്മിന്റെ 150 ശാഖകളെക്കുറിച്ചും, ആന്ധ്രയിലെയും കഞ്ചിക്കോട്ടെയും സിമന്റ് ഫാക്ടറികളെക്കുറിച്ചും, ബി.എൽ.എം സ്ലീപ്പർ ബസുകളെക്കുറിച്ചും വലിയ പ്രചാരണം നടത്തി നിക്ഷേപകരെ വഞ്ചിച്ചു. ഇതിനുപുറമെ തമിഴ്നാട്ടിലെ കേബിൾ ടിവി ശൃംഖലയായ TCCL-ലേക്ക് 16 കോടി രൂപ മാറ്റിയതായും കണ്ടെത്തി.
8. 320 അക്കൗണ്ടുകളുടെ മായാജാലവും ജാമ്യം നേടിയ തന്ത്രവും
പ്രേംകുമാറിന്റെ നിയന്ത്രണത്തിലുള്ള 6 പ്രധാന ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണം ആദ്യം എത്തിയത്. അവിടെനിന്ന് കുടുംബാംഗങ്ങളുടെയും ഷെൽ കമ്പനികളുടെയും പേരിലുള്ള 320 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റി.
ഒക്ടോബർ 29-ന് ചെന്നൈയിൽ വെച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രേംകുമാർ, പുതിയ ക്രിമിനൽ നിയമത്തിലെ (BNSS സെക്ഷൻ 47) ഒരു സാങ്കേതിക പിഴവ് മുതലെടുത്ത് 24 മണിക്കൂറിനുള്ളിൽ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പോലീസ് നോട്ടീസ് വാട്സ്ആപ്പിൽ അയച്ചെങ്കിലും അതിന്റെ തെളിവ് റിമാൻഡ് റിപ്പോർട്ടിൽ വെക്കാൻ വിട്ടുപോയതാണ് പ്രതിക്ക് തുണയായത്.
പ്രധാന കമ്പനികളും തട്ടിപ്പിലെ പങ്കും (ചുരുക്കത്തിൽ):
| സ്ഥാപനത്തിന്റെ പേര് | ബന്ധപ്പെട്ടവർ / ഡയറക്ടർമാർ | തട്ടിപ്പിലെ പങ്ക് / ഒഴുക്കിയ പണം |
|—|—|—|
| ഫോസ്കിയ റിസോർട്ട്സ് (Foschia Resorts / Vibe Munnar) | ആർ. പ്രേംകുമാർ, പ്രഭ, മധുംകേശ് | മൂന്നാർ ഫൈവ് സ്റ്റാർ റിസോർട്ട്. 2022 നവമ്പറിനും 2024 നവമ്പറിനും ഇടയിൽ ബി.എൽ.എമ്മിൽ നിന്ന് ₹28.32 കോടി നേരിട്ട് ഒഴുകിയെത്തി. |
| മാലി & മാൻവി & വിവിൻ ലക്ഷ്വറി സ്യൂട്ട്സ് | പ്രഭ പ്രേംകുമാർ, പി. മധുംകേശ് | ഇറക്കുമതി-കയറ്റുമതി & സിനിമാ കമ്പനിയുടെ മറവിൽ തിരുവനന്തപുരം വഞ്ചിയൂരിൽ ആഡംബര ഹോട്ടൽ വാങ്ങാൻ ബി.എൽ.എം പണം ഉപയോഗിച്ചു. |
| ലാൻഡ്‌മാർക്ക് അപ്പാർട്ട്‌മെന്റ്‌സ് & എം5 ന്യൂസ് | പ്രേംകുമാർ മധുംകേശ് (കേരളം), ഡൽഹി ഡയറക്ടർമാർ | ഡൽഹി കമ്പനിയുടെ ലൈസൻസിൽ എം5 ലൈവ് ചാനൽ നടത്തി തട്ടിപ്പുകൾക്ക് മീഡിയ കവചം തീർത്തു. |
| ബ്രിയോസ് ഫിൻവെസ്റ്റ് ഇന്ത്യ ലിമിറ്റഡ് | ആർ. പ്രേംകുമാർ (മുൻ ഡയറക്ടർ) | തൃശൂർ രാഗം തിയേറ്റർ വാങ്ങി പണയം വെച്ച ചെന്നൈ ഫിനാൻസ് കമ്പനി. |
| തമിഴക കേബിൾ ടിവി (TCCL) | തമിഴ്നാട് കേബിൾ ഓപ്പറേറ്റർമാർ | ബി.എൽ.എമ്മിൽ നിന്ന് ₹16 കോടി അനധികൃതമായി മാറ്റിയ സ്ഥാപനം. |
| രാഘ ഗരുഡാദ്രി ചിറ്റ്സ് & വൈ.ബി.എം ഗ്രൂപ്പ് | ആർ. പ്രേംകുമാർ, കരുണമൂർത്തി | ചിട്ടി, സ്വർണ്ണം, സ്ലീപ്പർ ബസ് സർവീസുകൾക്കായി ഉപയോഗിച്ച സമാന്തര ഷെൽ കമ്പനികൾ. |
ഇനി ഇ.ഡിയുടെ പൂട്ടിൽ; നിക്ഷേപകർക്ക് പണം തിരികെ കിട്ടുമോ?
നവംബർ 4-ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കേരളത്തിലും തമിഴ്നാട്ടിലുമായി 11 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയതോടെ കളിയുടെ ഗ്രാഫ് മാറിമറിഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം മൂന്നാറിലെ വൈബ് റിസോർട്ട്, തിരുവനന്തപുരത്തെ വിവിൻ ഹോട്ടൽ, രാഗം തിയേറ്റർ, കാഞ്ചീപുരം ഭൂമി, എം5 ന്യൂസ് ചാനൽ എന്നിവയുടെ ലൈസൻസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്വത്തുക്കളും ‘കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തായി’ (Proceeds of Crime) കണ്ട് കണ്ടുകെട്ടാൻ ഇ.ഡിക്ക് അധികാരമുണ്ട്.
ബി.എൽ.എമ്മിന്റെ തട്ടിപ്പുകൾക്ക് എല്ലാ ഒത്താശയും ചെയ്ത് എം5 ന്യൂസിലൂടെ പി.ആർ വർക്ക് നടത്തിയ പ്രതികളുടെ സാമ്രാജ്യം ഇനി നിയമത്തിന്റെ മുന്നിൽ തകർന്നടിയുമെന്നും, നിക്ഷേപകരുടെ പണം തിരിച്ചുപിടിക്കാൻ കർശന നടപടികൾ ഉണ്ടാകുമെന്നുമാണ് അന്വേഷണ സംഘം നൽകുന്ന സൂചന.