ചെന്നൈ :തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രം രചിച്ചുകൊണ്ട് വിജയ് സംസ്ഥാന മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റുകഴിഞ്ഞു. തമിഴ് സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളായ വിജയ്ക്ക് മുഖ്യമന്ത്രി എന്ന നിലയില്‍ എത്രയായിരിക്കും ശമ്പളം എന്നത് സംബന്ധിച്ച ചർച്ചയും ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ആരംഭിച്ച് കഴിഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ്ക്ക് പ്രതിമാസം ലഭിക്കുന്ന ആകെ ശമ്പളം 2,85,000 രൂപയാണ്. ഇതിൽ 2,05,000 രൂപ അടിസ്ഥാന ശമ്പളവും ബാക്കി തുക വിവിധ അലവൻസുകളുമാണ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ ശമ്പളം ഒരു ഇടത്തരം നിരക്കിലാണ് വരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രിയാണ്. പ്രതിമാസം ഏകദേശം 4.10 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വേതനം.
തൊട്ടുപിന്നാലെ ഡൽഹി മുഖ്യമന്ത്രി (3.90 ലക്ഷം), ഉത്തർപ്രദേശ് മുഖ്യമന്ത്രി (3.65 ലക്ഷം), മഹാരാഷ്ട്ര മുഖ്യമന്ത്രി (3.40 ലക്ഷം) എന്നിവർ വരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയുടെ മാസശമ്പളം ഏകദേശം 1.85 ലക്ഷം രൂപയാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശമ്പളം കൈപ്പറ്റുന്ന മുഖ്യമന്ത്രിമാരിൽ ഒരാൾ ത്രിപുര മുഖ്യമന്ത്രിയാണ് (ഏകദേശം 1.05 ലക്ഷം രൂപ).
ശമ്പളത്തിന് പുറമെ വിപുലമായ മറ്റ് ആനുകൂല്യങ്ങളും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ലഭിക്കും. ചെന്നൈയിലെ ആഡംബര വസതി, പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ (Z+ കാറ്റഗറി), ഔദ്യോഗിക വാഹനവ്യൂഹം, വിമാന-ട്രെയിൻ യാത്രകൾക്കുള്ള പൂർണ്ണ ചിലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനത്തെയും നിയമസഭകളാണ് അതാത് മുഖ്യമന്ത്രിമാരുടെ ശമ്പളം നിശ്ചയിക്കുന്നത് എന്നതിനാൽ സംസ്ഥാനങ്ങൾക്കനുസരിച്ച് ഈ തുകയിൽ വലിയ വ്യത്യാസങ്ങൾ കാണാറുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സിനിമയിൽ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയിരുന്ന വിജയ്, ഇപ്പോൾ ജനസേവനത്തിനായി സർക്കാർ നിശ്ചയിച്ച ഈ നിശ്ചിത വേതനത്തിലേക്കും പരിമിതമായ മറ്റ് ആനുകൂല്യങ്ങളിലേക്കും മാറുന്നു എന്നത് ശ്രദ്ധേയമാണ്.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം നടന്‍ വിജയിയുടെ ആകെ ആസ്തി ഏകദേശം 648 കോടിയാണ്. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്ന് ജയിച്ച എഐഎഡിഎംകെയുടെ ലീമ റോസ് മാര്‍ട്ടിനാണ് മുഖ്യമന്ത്രിയേക്കാള്‍ സ്വത്തുള്ള തമിഴ്നാട് നിയമസഭയിലെ ഏക എംഎല്‍എ. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട് നിയമസഭയിലെ ഏറ്റവും ധനികയായ എംഎല്‍എ ആണവര്‍.
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യയായ ലീമ റോസിന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം 5,863 കോടി രൂപയുടെ ആസ്തിയാണുള്ളത്. മാര്‍ട്ടിന്റെ സ്വത്തുവിവരം കൂടി ഉള്‍പ്പെടുത്തിയാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.139 കോടി രൂപയുടെ ജംഗമ വസ്തുക്കളും 910 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമാണ് അവരുടെ പേരിലുള്ളത്. ലിമയുടെ മൊത്തം ആസ്തി വിജയിയുടെ സമ്പത്തിനെക്കാള്‍ ഏകദേശം 9 മടങ്ങ് അധികവുമാണ്
19.233 കിലോഗ്രാം സ്വര്‍ണവും 1217 കാരറ്റ് വജ്രവും സ്വന്തമായുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 131.81 കിലോ വെള്ളി, 32 ഗ്രാം പ്ലാറ്റിനം എന്നിവയും ആസ്തിയില്‍ ഉള്‍പ്പെടുന്നു. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ ഇവര്‍ക്കുണ്ട്. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂസ്വത്തും കെട്ടിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിലും ബോണ്ടുകളിലുമായി വലിയ തുക നിക്ഷേപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ 60,795 വോട്ടുകള്‍ നേടിയ ലീമ റോസ്, ടിവികെയുടെ കെ പി കൃഷ്ണനെതിരെ 2,739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
