വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മർദ്ദം കാരണം : വി മുരളീധരൻ1 min read

 

തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് കോൺഗ്രസ്‌ വഴങ്ങിയതാണെന്ന് ശ്രീ വി മുരളീധരന്‍ എംഎല്‍എ.
സാധാരണ ആഭ്യന്തര മന്ത്രിക്ക് ലഭിക്കാറുള്ള രണ്ടാം സ്ഥാനം വി ഡി സതീശൻ സർക്കാർ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നു. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വി മുരളീധരന്‍ ചോദിച്ചു.
വന്ദേമാതരത്തെ അപമാനിക്കുന്ന സിപിഐഎം നിലപാട് അംഗീകരിക്കാനാവില്ല. പണ്ട് ബ്രിട്ടീഷുകാരാണ് വന്ദേമാതരത്തെ എതിര്‍ത്തതെങ്കില്‍ ഇന്ന് ആ ജോലി സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞ വി ഡി സതീശന്‍ സത്യ പ്രതിജ്ഞ കഴിഞ്ഞ ആദ്യം പോയത് ബിഷപ്പ് ഹൗസിലേക്കാണ്. ജമാ അത്തെ ഇസ്ലാമിയുടെ അമീറിനിക്കാണാനും സതീശന് പ്രശ്‌നമില്ലായിരുന്നു. “തിണ്ണ നിരങ്ങൽ” പ്രയോഗം എസ്എന്‍ഡിപിയെയും എന്‍എസ്എസ്സിനെയും മാത്രം ഉദ്ദ്യേശിച്ചാണോ എന്ന് സതീശന്‍ വ്യക്തമാക്കണം. ഭൂരിപക്ഷ സമുദായ നേതാക്കളോടുള്ള സതീശന്റെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.
ശബരിമലയിലെ നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്, പക്ഷേ സമരത്തിന്റെ പേരില്‍ ജനങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ കൂടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെ അഭിമാനകരമായ ദിവസമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി എന്‍.ഡി.എയുടെ മൂന്ന് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സഭാംഗങ്ങളായി ചുമതലയേറ്റിരിക്കുകയാണ്. ഈ വിജയത്തിന് വഴിയൊരുക്കിയ കേരളത്തിലെ ജനങ്ങളോട് ഞങ്ങള്‍ നന്ദി പറയുന്നതായും മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിഭാവനം ചെയ്യുന്ന ‘വികസിത ഭാരതം’ എന്ന സ്വപ്നത്തിലേക്ക് കേരളത്തെ നയിക്കാന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കും. ജനങ്ങളുടെ ശബ്ദമായി ഞങ്ങള്‍ സഭയ്ക്കകത്ത് പ്രവര്‍ത്തിക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട്‌ കെ സോമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.