തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി വി രാജേഷിനെ നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് ഒപ്പം ആക്രമിക്കാൻ ശ്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും, അന്യായമായി മേയർ വി വി രാജേഷിനും, കൗൺസിലർ സുഗതനും എതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ചും ബിജെപി കൗൺസിലർമാർ നഗരസഭ ആസ്ഥാനത്ത് നിന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർക്ക്പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും എന്നാൽ നഗരസഭയിൽ ബിജെപി നേതാവ് കൂടിയായ മേയർക്ക് നേരെ അക്രമം നടത്താൻ പുറത്ത് നിന്ന് ഇനി പാർട്ടി ക്രിമിനലുകളെ പ്രതിപക്ഷം കൊണ്ടു വന്നാൽ ബിജെപി പ്രതിരോധിക്കുമെന്നും,LDF, UDF കൗൺസിലർമാർ സ്വന്തം വാർഡുകളിലെ വികസനം മേയറുമായി ചർച്ച ചെയ്യാതെ നഗരസഭയിൽ അക്രമികളെ കൂട്ടി വന്ന് മേയറെ ആക്രമിക്കാൻ ശ്രമിച്ചത് അവരെ തിരഞ്ഞടുത്ത ജനങ്ങളോടുള്ള കടുത്ത വെല്ലു വിളിയാണന്നും മേയറാവാൻ പറ്റാത്തതിൻ്റെ ദുഃഖം നഗരസഭയിലെ ഇടതുപക്ഷത്തിൻ്റെ നേതാവ് എസ് പി ദീപക്കും, മന്ത്രിയാവാൻ പറ്റാത്തതിൻ്റെ വിഷമം നഗരസഭയിലെ കോൺഗ്രസ്സ് നേതാവ് ശബരി നാഥനും ഭ്രാന്ത് പോലെ നഗരത്തിലെ ജനങ്ങൾ തിരഞ്ഞടുത്ത നഗരസഭ ഭരണ സമിതിക്ക് എതിരെ കാണിക്കുന്നുവെന്നും കരമന ജയൻ പറഞ്ഞു.
കൗൺസിലർമാരുടെ മാർച്ചിന് നഗരസഭയിലെ സ്ഥിരം സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ എം ആർ ഗോപൻ, കരമന അജിത്ത്, ചെമ്പഴന്തി ഉദയൻ, സത്യവതി, മഞ്ജു ജി എസ്സ് എന്നിവർ നേതൃത്വം നൽകി. ബിജെപി നഗരസഭ കൗൺസിലർ പാർട്ടി നേതാവ് പാപ്പനംകോട് സജി, ഉപനേതാവ് വി ജി ഗിരി കുമാർ എന്നിവർ പ്രസംഗിച്ചു.
