സംശയവും വഴക്കും അരങ്ങിൽ ചിരിപ്പൂരം തീർത്തു; മണി ആശാനും സംഘവും അവതരിപ്പിച്ച പൊറാട്ടുനാടകം ശ്രദ്ധേയമായി1 min read

 

തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പൊറാട്ടുനാടകം ശ്രദ്ധേയമായി. സംസ്ഥാന അവാർഡ് ജേതാവ് മണി ആശാനും സംഘവും അവതരിപ്പിച്ച നാടകം ദാമ്പത്യബന്ധത്തിലെ സംശയങ്ങളും തെറ്റിദ്ധാരണകളും തുടർന്നുണ്ടാകുന്ന വഴക്കുകളും നർമ്മത്തിൽ ചാലിച്ചാണ് അരങ്ങിലെത്തിച്ചത്.

അലക്കുകാരനും അലക്കുകാരിയും തമ്മിലുള്ള സംശയവും അതിനെത്തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമായിരുന്നു നാടകത്തിന്റെ പ്രമേയം. സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളും ബന്ധങ്ങളിലെ സങ്കീർണതകളും ഹാസ്യത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും അവതരിപ്പിക്കുന്ന പൊറാട്ടുനാടകത്തിന്റെ തനതുശൈലി പ്രകടനത്തിൽ തെളിഞ്ഞുനിന്നു. പരസ്പരവിശ്വാസക്കുറവും തെറ്റിദ്ധാരണകളും എങ്ങനെ ചെറിയ പ്രശ്നങ്ങളെ വലിയ സംഘർഷങ്ങളാക്കി മാറ്റുന്നു എന്നത് രസകരമായ രംഗങ്ങളിലൂടെ നാടകം വരച്ചുകാട്ടി.

പാലക്കാടിന്റെ തനതായ നാടൻകലാപാരമ്പര്യത്തിന്റെ ഭാഗമായ പൊറാട്ടുനാടകത്തിൽ നാടൻഭാഷയും സ്വാഭാവികമായ സംഭാഷണങ്ങളും കഥാപാത്രങ്ങളുടെ അവതരണവും ഒത്തുചേർന്നു. ചിരിയിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ അവതരിപ്പിച്ച ഈ കലാരൂപം നാടൻകലയുടെ തനിമയും പ്രസക്തിയും ഒരിക്കൽക്കൂടി അടയാളപ്പെടുത്തി.

വേലായുധൻ കൊല്ലങ്കോട്, സുരേഷ് കൊല്ലങ്കോട്, ഹരീഷ് മുതലമട, മാണിക്യൻ നെന്മാറ, രാജേഷ് നന്നിയോട്, മനോജ് കാമ്പറത്ത്ചല്ല എന്നിവർ അവതരണത്തിൽ പങ്കെടുത്തു.