തിരുവനന്തപുരം :രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ന്യൂറോളജിസ്റ്റുകളും സ്ട്രോക്ക് ചികിത്സാ വിദഗ്ധരും പങ്കെടുക്കുന്ന മൂന്നാമത് ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂളിന് നവംബർ 12 മുതൽ 15 വരെ തിരുവനന്തപുരം വേദിയാകും. തിരുവനന്തപുരത്തെ ഒ ബൈ താമരയിൽ നടക്കുന്ന നാലുദിവസത്തെ പരിശീലന പരിപാടി യുവ ന്യൂറോളജിസ്റ്റുകളുടെ ചികിത്സാപരമായ അറിവും പ്രായോഗിക വൈദഗ്ധ്യവും വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
സ്ട്രോക്ക് ബാധിച്ച രോഗികൾക്ക് സമയബന്ധിതമായി ത്രോംബോളിസിസ് ചികിത്സ നൽകുക, മെക്കാനിക്കൽ ത്രോംബെക്ടമി, സ്ട്രോക്ക് യൂണിറ്റ് മാനേജ്മെന്റ്, ഭാവിയിൽ സ്ട്രോക്ക് ആവർത്തിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ എന്നിവയിൽ, വിദഗ്ധ പരിശീലനം പരിപാടിയുടെ ഭാഗമായി നൽകും.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (SCTIMST) സമഗ്ര സ്ട്രോക്ക് പരിചരണ വിഭാഗവും (ന്യൂറോളജി വകുപ്പ്), ഇമേജിങ് സയൻസസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വകുപ്പും സ്വിറ്റ്സർലൻഡിലെ ബെൺ സർവകലാശാലയുടെ ഇൻസെൽസ്പിറ്റൽ സ്ട്രോക്ക് സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. യൂറോപ്യൻ സ്ട്രോക്ക് ഓർഗനൈസേഷൻ, ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ, യൂറോപ്യൻ സൊസൈറ്റി ഓഫ് മിനിമലി ഇൻവേസീവ് ന്യൂറോളജിക്കൽ തെറാപ്പി (ESMINT), വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ, സൊസൈറ്റി ഓഫ് വാസ്കുലർ ആൻഡ് ഇന്റർവെൻഷണൽ ന്യൂറോളജി എന്നീ സംഘടനകളുടെ അംഗീകാരവും പരിപാടിക്കുണ്ട്.
യൂറോപ്പിൽ കഴിഞ്ഞ പത്തുവർഷമായി സംഘടിപ്പിച്ചുവരുന്ന സ്ട്രോക്ക് വിന്റർ സ്കൂളിന്റെ മാതൃകയിലാണ് ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യൂറോപ്പിൽ ലഭ്യമാകുന്ന അതേ നിലവാരത്തിലുള്ള പ്രത്യേക പരിശീലനം ഏഷ്യൻ രാജ്യങ്ങളിലെ ചികിത്സാ വിദഗ്ധർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ ഏഷ്യൻ പതിപ്പ് ആരംഭിച്ചത്. 2024-ൽ നടന്ന പരിപാടിയിൽ ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ തെക്കുകിഴക്കൻ ഏഷ്യയിലെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അന്ന് പങ്കാളികളായി.
ലോകമെമ്പാടും മരണത്തിനും ദീർഘകാല വൈകല്യങ്ങൾക്കും കാരണമാകുന്ന പ്രധാന രോഗങ്ങളിലൊന്നാണ് സ്ട്രോക്ക്. പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ യുവാക്കളിലും മധ്യവയസ്കരിലും സ്ട്രോക്ക് വർധിച്ചുവരികയാണ്. ആവശ്യത്തിന് സ്ട്രോക്ക് ചികിത്സാ യൂണിറ്റുകൾ, പുനരധിവാസ കേന്ദ്രങ്ങൾ, കാത്ത് ലാബുകൾ എന്നിവയുടെ അഭാവം പല രാജ്യങ്ങളിലും സമഗ്രമായ സ്ട്രോക്ക് പരിചരണത്തിന് വെല്ലുവിളിയാകുന്നു. ത്രോംബോളിസിസ് ചികിത്സയ്ക്ക് ലഭ്യമായ സമയപരിധി വളരെ കുറവായതിനാൽ രോഗനിർണയവും ചികിത്സാ തീരുമാനങ്ങളും മിനിറ്റുകൾക്കുള്ളിൽ കൈക്കൊള്ളേണ്ടതുണ്ട്. ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിന് സ്ട്രോക്ക് ഫിസിഷ്യൻമാരും ന്യൂറോ ഇന്റർവെൻഷൻ വിദഗ്ധരും തമ്മിലുള്ള അടുത്ത ഏകോപനം അനിവാര്യമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു.
ഈ വർഷത്തെ പരിശീലന പരിപാടിയിൽ 10 അന്താരാഷ്ട്ര ഫാക്കൽറ്റി അംഗങ്ങൾ, 40 ദേശീയ ഫാക്കൽറ്റി അംഗങ്ങൾ, ഏകദേശം 300 പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കാനഡ, അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും അന്താരാഷ്ട്ര ഫാക്കൽറ്റിയുടെ ഭാഗമായുണ്ടാകും.
ശ്രീചിത്രയിലെ ഡോ. പി. എൻ. ശൈലജ, ഡോ. ഇ. ആർ. ജയദേവൻ എന്നിവരും ബെൺ സർവകലാശാലയിലെ ഡോ. ഉർസ് ഫിഷർ, ഡോ. ഗ്യാൻ ഗ്രല്ല എന്നിവരുമാണ് കോഴ്സ് ഡയറക്ടർമാർ.
നവംബർ 13-ന് , വൈകീട്ട് 6.30 നു ഓ ബൈ താമരയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ നാവികസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മെഡിക്കൽ സർവീസസ് വൈസ് അഡ്മിറൽ ശങ്കർ സുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും. കേരള സർക്കാരിന്റെ മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ വിശിഷ്ടാതിഥിയായിരിക്കും.
വിദഗ്ധ പ്രഭാഷണങ്ങൾ, ഗ്രൂപ്പ് ട്യൂട്ടോറിയലുകൾ, ചികിത്സാ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കേസ് ചർച്ചകൾ, സിമുലേറ്ററുകൾ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനം എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ. എൻഡോവാസ്കുലർ ചികിത്സാരീതികളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി പ്രത്യേക ന്യൂറോ ഇന്റർവെൻഷൻ ശിൽപ്പശാലയും സംഘടിപ്പിക്കും. ആധുനിക സിമുലേറ്ററുകളും ഫ്ലോ മോഡലുകളും ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ സങ്കീർണമായ ചികിത്സാ നടപടിക്രമങ്ങളിൽ നേരിട്ടുള്ള പരിചയം നേടാൻ പ്രതിനിധികൾക്ക് അവസരമൊരുക്കും.
വിവിധ മേഖലകളിൽ സ്ട്രോക്ക് ചികിത്സാ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധർക്കിടയിൽ അറിവിന്റെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിശീലന പരിപാടി സഹായിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
