തിരുവനന്തപുരം :കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇംഗ്ലീഷ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം നൽകിയ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ പ്രിജിൻ ബാബുവിൻ്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ കാരണം കാണിക്കൽ നോട്ടീസ് നൽകി.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് എഐസിസിയും കെപിസിസിയും നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് എ പ്രിജിൻ ബാബുവിന് കാരണം കാണിക്കൽ നോട്ടീസ് കെപിസിസി നൽകിയത്.കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നൽകാത്ത പക്ഷം തുടർ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.
