തിരുവനന്തപുരം: ബിജെപി എം എൽ എ മാർ സത്യപ്രതിജ്ഞയ്ക്കായി നിയമസഭയിലേക്ക് എത്തുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം. നാളെ രാവിലെ 8 മണിക്ക് ബി ജെ പി സംസ്ഥാന ഓഫീസായ കെ.ജി. മാരാർ ഭവനിൽ നിന്ന് നിയമസഭാംഗങ്ങളായ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ബി.ബി.ഗോപകുമാർ എന്നിവർ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങും. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ബി ജെ പി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് ബി ജെ പി എം എൽ എ മാർ നിയമസഭയിലേക്കെത്തുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രൻ, മറ്റു സംസ്ഥാന നേതാക്കൾ, എൻ ഡി എ നേതാക്കളായ ബി.ഗോപകുമാർ ( ട്വന്റി ട്വന്റി ), പദ്മകുമാർ (ബി ഡി ജെ എസ് ) എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകും. സത്യപ്രതിജ്ഞാ ചടങ്ങുകൾ സംസ്ഥാനമെങ്ങും ബി ജെ പി പ്രവർത്തകർ ആഘോഷപൂർവ്വം കൊണ്ടാടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുതിർന്ന ബി ജെ പി നേതാവും കേരള നിയമസഭയിലെ ആദ്യ ബി ജെ പി അംഗവുമായ ഒ. രാജഗോപാലിനെ സന്ദർശിച്ച് നിയുക്ത നേമം എം എൽ എ കൂടിയായ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അനുഗ്രഹം തേടി. എൻ എസ്‌എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തി താലൂക്ക് യൂണിയൻ നേതാക്കളായ സംഗീത് കുമാർ, കാർത്തികേയൻ അടക്കുള്ള .വരുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി.
നേമം നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ചരിത്ര വിജയത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 5മണി മുതൽ എസ്റ്റേറ്റ് വാർഡ്, കരുമം വാർഡ്, കാലടി വാർഡ് എന്നിവിടങ്ങളിൽ നന്ദി നേമം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
