ദക്ഷിണ വ്യോമസേന ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു1 min read

 

തിരുവനന്തപുരം :ഇന്ത്യൻ വ്യോമസേനയിലെ ഏക പരമ വീര ചക്ര ജേതാവ് ഫ്ലയിംഗ് ഓഫീസർ നിർമ്മൽ ജിത് സിംഗ് സെഖോണിന്റെ സ്മരണാർത്ഥം വ്യോമസേന തിരുവനന്തപുരത്ത് ‘സെഖോൺ ഇന്ത്യൻ എയർ ഫോഴ്‌സ് മാരത്തൺ 2026’ സംഘടിപ്പിച്ചു.

ലുലു മാളിൽ ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ (AVSM, VM), രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഗുസ്തി താരവും നടനും മിക്സഡ് മാർഷ്യൽ ആർട്ട് ഫൈറ്ററും മോട്ടിവേഷണൽ സ്പീക്കറും മുൻ വേൾഡ് റെസ്‌ലിംഗ് പ്രൊഫഷണൽസ് കോമൺവെൽത്ത് ഹെവിവെയ്റ്റ് ചാമ്പ്യനുമായ സംഗ്രാം സിംഗ് എന്നിവർ ചേർന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

3200 പേർ പങ്കെടുത്ത മാരത്തണിൽ അർജുന അവാർഡ് ജേതാവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവും ലോക ബോക്സിംഗ് ചാമ്പ്യനുമായ കെ.സി. ലേഖ എന്നിവരും പങ്കാളികളായി.
ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. ദേശസ്നേഹം, അച്ചടക്കം, ശാരീരികക്ഷമത, ആരോഗ്യകരമായ ജീവിതശൈലി, രാഷ്ട്രസേവനം എന്നീ മൂല്യങ്ങൾ ഉയർത്തി പ്പിടിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

രാജ്യത്തുടനീളം 46 കേന്ദ്രങ്ങളിലായി 39,000-ത്തിലധികം പേർ പങ്കെടുക്കുകയും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കുകയും ചെയ്ത 2025-ലെ ആദ്യ പതിപ്പിന്റെ വൻ വിജയത്തിന് ശേഷം, ഇന്ത്യൻ വ്യോമസേനയും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാ ക്കാനും മാരത്തൺ ലക്ഷ്യമിട്ടു.
21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, 5 കിലോമീറ്റർ ഓട്ടം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തൺ രണ്ടാം പതിപ്പ് നടത്തിയത്.
ദക്ഷിണ വ്യോമസേനാ മേധാവിയും ചടങ്ങിൽ പങ്കെടുത്ത കായിക താരങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.