മനുഷ്യ വന്യജീവി സംഘര്‍ഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു1 min read

തിരുവനന്തപുരം :മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗം ജില്ലാ കളക്ടര്‍ അനുകുമാരിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തില്‍ ആക്കുന്നതിനും ഓരോ മാസവും കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.

വനപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന സ്വകാര്യ ഭൂമിയിലെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കാന്‍ ഭൂവുടമകളോട് നിര്‍ദേശിക്കാനും നഗര പ്രദേശത്തേക്കിറങ്ങുന്ന കാട്ടുപന്നിയുടെ ശല്യം കുറയ്ക്കുന്നതിനായി മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആന്റിവെനം സൂക്ഷിക്കുന്നതിന് ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വനാതിര്‍ത്തികളില്‍ പൈനാപ്പിള്‍, വാഴ പോലുള്ള കൃഷികള്‍ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകര്‍ഷിക്കും. ഇത്തരം കൃഷികള്‍ ഒഴിവാക്കി തദ്ദേശീയയിനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും വിളകള്‍ തിരഞ്ഞെടുക്കുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും വിളകള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനും കൃഷി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ഡി.എഫ്.ഒ ഷാനവാസ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ ശ്രീകുമാര്‍, റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് ദിനില്‍ ജെ കെ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. അനില്‍ കുമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ മല്ലിക, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വിനോദ് എസ്.വി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply