തിരുവനന്തപുരം: ശിശുദിനത്തെ കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആഘോഷമാക്കി മാറ്റി ശ്രീകാര്യം ലയോള സ്കൂളിൽ സംഘടിപ്പിച്ച അഞ്ചാമത് കാർണിവൽ ‘സെസ്റ്റ് 2026’ (ZEST 2026) സമാപിച്ചു. മൂന്ന് തലമുറകളുടെ സംഗമമായ സെസ്റ്റ് മുത്തച്ഛൻ-മുത്തശ്ശി, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ആഘോഷങ്ങൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ നവംബർ 14-ന് സംഘടിപ്പിച്ച കാർണിവലിൽ നിരവധി പേർ പങ്കാളികളായി. മാതാപിതാക്കളുടെ നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പ് മേളയുടെ ശ്രദ്ധേയമായ ഭാഗമായി.
രാവിലെ 8.30-ന് നടിയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സണുമായ പ്രിയങ്ക നായർ കാർണിവൽ ഉദ്ഘാടനം ചെയ്തു. രാത്രി എട്ടിന് നടന്ന സമാപന സമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് മുഖ്യാതിഥിയായി. മാതാപിതാക്കളുടെ ഫാഷൻ ഷോയായ ‘റൺവേ ആൻഡ് കോട്യ’ (Runway & Couture) കാണികൾക്ക് വേറിട്ട അനുഭവമായി. ചലച്ചിത്ര താരവും യു.എസ്. ആർമി കോംബാറ്റ് വെറ്ററനുമായ സിറിയക് അലഞ്ചേരി, മോഡലും മിസ് യൂണിവേഴ്സ് കേരള ഫൈനലിസ്റ്റുമായ അമല വിജി തോംസൺ എന്നിവർ ഷോസ്റ്റോപ്പർമാരായി അണിനിരന്നു. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ കലാപരിപാടികളും വൈവിധ്യമാർന്ന സ്റ്റാളുകളും കാർണിവലിന് ഉത്സവാന്തരീക്ഷം പകർന്നു.
സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ., സി.ബി.എസ്.ഇ. പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്.ജെ. എന്നിവരുടെയും പി.ടി.എ. നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാർണിവലിലൂടെ സമാഹരിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ആഘോഷങ്ങളെ സേവനത്തിന്റെയും പങ്കുവെക്കലിന്റെയും വേദിയാക്കി മാറ്റിയ സെസ്റ്റ് 2026, ശിശുദിനത്തിന് വേറിട്ടൊരു സന്ദേശം കൂടി പകർന്നു.
