തിരുവനന്തപുരം :എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ, AVSM, VSM ദക്ഷിണ വ്യോമസേനാ മേധാവിയായി ഇന്ന് ചുമതലയേറ്റു. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
1989 ഡിസംബർ 16-ന് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട അദ്ദേഹം, ഹയർ എയർ കമാൻഡിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ നിന്ന് ബിരുദവും ലണ്ടനിലെ (യുകെ) ‘റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസിൽ’ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അപ്പാച്ചെ, മിഗ്-21, ജാഗ്വാർ, മിഗ്-29, സുകോയ്-30, റാഫേൽ തുടങ്ങിയ വിവിധ വിമാനങ്ങളിൽ 3000 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ‘പൈലറ്റ് അറ്റാക്ക് ഇൻസ്ട്രക്ടർ’ ആണ് അദ്ദേഹം.
ഏകദേശം നാല് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ മഹത്തായ സേവന ജീവിതത്തിൽ, എയർമാർഷൽ ഒരു ഫൈറ്റർ സ്ക്വാഡ്രണിനെ കമാൻഡ് ചെയ്യുകയും ഒരു പ്രീമിയം ഫൈറ്റർ ബേസിന്റെ എയർ ഓഫീസർ കമാൻഡിംഗായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. എയർ ഡിഫൻസ് കമാൻഡർ, കമാൻഡിന്റെ അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള സീനിയർ ഓഫീസർ എന്നിവ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് ഓപ്പറേഷൻസ് (ഓഫൻസീവ്), ഡയറക്ടർ ജനറൽ (വെപ്പൺ സിസ്റ്റംസ്) എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ്, എയർമാർഷൽ പശ്ചിമ വ്യോമസേനയിൽ സീനിയർ എയർ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയും, ഒന്നിലധികം മേഖലകളിൽ സംയുക്ത സേനാ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിശിഷ്ട സേവനങ്ങൾക്കുള്ള അംഗീകാരമായി, അതിവിശിഷ്‌ട സേവാ മെഡലും വായുസേന മെഡലും ലഭിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടുകൾ രാഷ്ട്രത്തിനായി വിശിഷ്ട സേവനം കാഴ്ച്ചവച്ച
എയർമാർഷൽ മനീഷ് ഖന്ന, UYSM, AVSM, VM വിരമിച്ച ഒഴിവിലാണ് എയർമാർഷൽ ജസ്‌വീർ സിംഗ് മാൻ നിയമിതനായത്.
