തിരുവനന്തപുരം: വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയ ഇടതു വലതു മുന്നണികൾ സ്ത്രീസമൂഹത്തെ മാത്രമല്ല കേരളത്തേയും വഞ്ചിച്ചതായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്. പത്ത് വനിതാ എംപിമാരെ കേരളത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ ബിൽ പാസാക്കാതിരുന്നതോടെ മണ്ഡലപുനർനിർണ്ണയത്തിൽ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 15 ആയി കുറയുന്ന സ്ഥിതി സംജാതമായെന്നും അഡ്വ എസ് സുരേഷ് പറഞ്ഞു. ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പതിനഞ്ചാമത് ബി കെ ശേഖർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി- മോദി വിരുദ്ധതയുടെ തിമിരം ബാധിച്ച കേരളത്തിലെ ഇടതു വലത് എംപിമാർ കേരളത്തിലെ ജനങ്ങളോട് വലിയ ക്രൂരതയാണ് കാണിച്ചത്. ഒരു ഉത്തമ രാഷ്ട്രീയ പ്രവർത്തകനായിരുന്ന ബികെ ശേഖറിൻ്റെ പ്രവർത്തനങ്ങൾ പിൽക്കാലത്തെ ബിജെപി യുടെ വിജയങ്ങൾക്കുള്ള അടിത്തറ ആയിരുന്നു. കേരളത്തിലെ ബിജെപിയുടെ മുഖമായിരുന്നു ബി.കെ.ശേഖർ എന്നും അദ്ദേഹത്തിന്റെ വേർപാട് പാർട്ടിക്ക് നികത്താനാവാത്ത നഷ്ടമാണെന്നും അഡ്വ.എസ്. സുരേഷ് കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനുമായിരുന്ന ബി കെ ശേഖർ വിദ്യാർത്ഥി കാലം മുതൽക്കേയുള്ള തൻ്റെ മാതൃകാ നേതാവാണന്ന് തിരുവനന്തപരം നഗരസഭാ മേയർ വി വി രാജേഷ് പറഞ്ഞു.
ബിജെപി തിരുവനനന്തപുരം സിറ്റി ജില്ലാ ആഫിസിലെ ഹാൾ നവീകരിച്ച് ബി കെ ശേഖർ മെമോറിയൽ ഹാൾ എന്ന് നാമകരണം ചെയ്യുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ അറിയിച്ചു.
ബി കെ ശേഖറിൻ്റെ മകൾ അഡ്വ. ഗൗരി കല്യാണി ശേഖർ, ആദ്യകാല ബിജെപി കൗൺസിലർമാരായ പി അശോക് കുമാർ, വെങ്കിട്ടരാമൻ, നേതാക്കളായ കരമന അജിത്ത്, എം ആർ ഗോപൻ, പാപ്പനംകോട് സജി, ശ്രീവരാഹം വിജയൻ തുടങ്ങിയവരും പ്രസംഗിച്ചു
