തിരുവനന്തപുരം: അഡ്മിഷൻ ഏജൻസികളെ നിയന്ത്രിക്കാൻ ഉടൻ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട്
WAPSI നാളെ സെക്രട്ടേറിയറ്റ് ധർണ നടത്തും . ബില്ലിന്റെ കരട് രൂപം 2023 ൽ സർക്കാരിന് സമർപ്പിച്ചിരുന്നു എന്നാൽ ഇതുവരെ അത് യാഥാർഥ്യമായില്ല., ഈ പശ്ചാത്തലത്തിലാണ് നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ച് സംഘടന പ്രത്യക്ഷ സമരത്തിനിറങ്ങുന്നത് . അഡ്മിഷൻ തട്ടിപ്പുകളും വിദ്യാർത്ഥികളുടെ ചൂഷണവും തടയുന്നതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടൻസികൾക്കും അഡ്മിഷൻ ഏജൻസികൾക്കും നിർബന്ധിത രജിസ്ട്രേഷനും നിയന്ത്രണവും ഉത്തരവാദിത്വവും ഉറപ്പാക്കുന്ന നിയമം അടിയന്തരമായി കൊണ്ടുവരണമെന്ന് WAPSI ദേശീയ പ്രസിഡന്റ് എം. കെ. തോമസ് തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 28-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ WAPSI സമാധാനപരമായ ധർണയാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിൽ സർക്കാർ ഉത്തരവും പഠനവും കരട് ബിൽ സമർപ്പണവും നടന്നിട്ടും നിയമനിർമാണം പൂർത്തിയായിട്ടില്ലെന്ന് എം. കെ. തോമസ് ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ ശേഷിക്കുന്ന നടപടികൾ അടിയന്തരമായി പൂർത്തിയാക്കി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
