*എം ശിവറാം അവാര്‍ഡ് ആര്‍ ജയപ്രസാദിന് , ടിഎന്‍ജി അവാര്‍ഡ് അനിരു അശോകന്*
*കെ സി സെബാസ്റ്റ്യന്‍ അവാര്‍ഡ് ബിജുപരവത്തിനും*
*മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ് ശ്രീലക്ഷ്മി ശിവദാസിനും*
*കെ ആര്‍ മുകുന്ദന് എ വി മുകേഷ് അവാര്‍ഡ്.*
തിരുവനന്തപുരം പ്രസ് ക്ലബിന്റെ വജ്ര ജൂബിലി പ്രമാണിച്ച്, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന അവാര്‍ഡുകള്‍ പുനസ്ഥാപിക്കാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് പ്രശസ്ത മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ നല്‍കിവന്ന അവാര്‍ഡുകള്‍ ഉള്‍പ്പെടെ വ്യത്യസ്തമായ അഞ്ച് അവാര്‍ഡുകളാണ് പുനസ്ഥാപിക്കുന്നത്.
കേരളത്തില്‍ എഡിഷനുകളുള്ള മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അച്ചടി മാധ്യമങ്ങളില്‍ വന്നിട്ടുള്ള മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ്, പ്രസ് ക്ലബ് പ്രസിഡന്റും ഐ.ജെ.ടിയുടെ പ്രഥമ ഡയറക്ടറുമായിരുന്ന എം.ശിവറാമിന്റെ പേരിലുള്ളതായിരുന്നു. മികച്ച പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗിനുള്ള കെ.സി സെബാസ്റ്റ്യന്റെ പേരിലുള്ള അവാര്‍ഡ് അച്ചടി മാധ്യമങ്ങള്‍ക്കൊപ്പം ടെലിവിഷന്‍ ചാനലുകള്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് പുന സ്ഥാപിച്ചത്.
ഇതിനു പുറമെ, മികച്ച ടെലിവിഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ടി.എന്‍ ഗോപകുമാറിന്റെ നാമത്തില്‍ നല്‍കുകയാണ്. മികച്ച പത്ര ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് മിനര്‍വ കൃഷ്ണന്‍ കുട്ടിയുടെ പേരിലാണ് നല്‍കുന്നത്. മികച്ച ടെലിവിഷന്‍ ക്യാമറാമാനുള്ള അവാര്‍ഡ് നല്‍കുന്നത് മാതൃഭൂമി ന്യൂസിന്റെ പാലക്കാട് ക്യാമറാമാനായിരുന്ന, ഡ്യൂട്ടിക്കിടെ കാട്ടാന ആക്രമണത്തില്‍ മരിച്ച എ വി മുകേഷിന്റെ പേരിലാണ്.
ഈ അഞ്ച് അവാര്‍ഡുകള്‍ക്കും പ്രസ് ക്ലബ് എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന ജൂറികളാണ് വിധി നിര്‍ണയം നടത്തിയത്.
എല്ലാ അവാര്‍ഡ് ജേതാക്കള്‍ക്കും 10,000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവുമാണ് നല്‍കുന്നത്.
നവംബര്‍ മൂന്നിന് വൈകിട്ട് 6 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വജ്ര ജൂബിലി ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
*അവാര്‍ഡ് ജേതാക്കള്‍*
2025-26 ലെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള എം.ശിവറാം അവാര്‍ഡിന് മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍.ജയപ്രസാദ് അര്‍ഹനായി.
പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികളെയും അത് വീണ്ടെടുക്കേണ്ടതിനെപ്പറ്റിയും മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ 2026 ജൂലായ് അഞ്ചുമുതല്‍ നാലുദിവസങ്ങളിലായി എഴുതിയ അന്വേഷണ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. പി.എസ്.സി സംബന്ധമായ ഈ തുടര്‍ റിപ്പോര്‍ട്ടുകള്‍ എറെ ആനുകാലിക പ്രസക്തവും വന്‍ ക്രമക്കേടുകളിലേക്ക് കൃത്യമായി വെളിച്ചം വീശുന്നതും തുടര്‍നടപടികള്‍ക്ക് പ്രചോദകവുമായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മര്‍ക്കോസ് എബ്രഹാം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പി.വി.മുരുകന്‍ എന്നിരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്.
2025-26 ലെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള ടി.എന്‍.ഗോപകുമാര്‍ അവാര്‍ഡിന് അര്‍ഹനായത് ന്യൂസ് മലയാളം 24 ഃ 7 ചാനല്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അനിരു അശോകനാണ്.
ഡോ.ടി.കെ.സന്തോഷ് കുമാര്‍, ഡോ.എസ്.ആര്‍.സഞ്ജീവ്, ഡോ.ബാബു ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറി എകകണ്ഠമായാണ് ശുപാര്‍ശ ചെയ്തത്. ആസൂത്രണ ബോര്‍ഡ് നിയമനത്തിന് പി.എസ്.സി നടത്തിയ പരീക്ഷയിലെ ക്രമക്കേട് തുറന്നുകാട്ടിയ വാര്‍ത്താ പരമ്പരയ്ക്കാണ് അവാര്‍ഡ്.
പരിസ്ഥിതി, നിത്യജീവിത പ്രശ്നങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ യാതനകള്‍ തുടങ്ങിയവ ഫലപ്രദമായി അവതരിപ്പിക്കുന്ന പല റിപ്പോര്‍ട്ടുകളും ടെലിവിഷന്‍ ജേണലിസത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നതിന് ഈടുറ്റ സംഭാവനകള്‍ നല്‍കുമെന്നും ജൂറി വിലയിരുത്തി.
2025-26 ലെ മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിനുള്ള കെ.സി സെബാസ്റ്റന്‍ അവാര്‍ഡ് മാതൃഭൂമി ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത് നേടി.
‘സി പി എം കണ്ടെത്തിയതും മിണ്ടാത്തതും’ എന്ന പേരില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ എഡിറ്റ് പേജില്‍ 2026 ജൂണ്‍ 16 മുതല്‍ 19 വരെ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് അവാര്‍ഡ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാനകമ്മിറ്റി തയ്യാറാക്കി, പാര്‍ട്ടിക്കുള്ളില്‍മാത്രം വിശദീകരിച്ച രേഖയെയും, മുന്‍കാലങ്ങളിലെ സി പി എം ആഭ്യന്തര റിപ്പോര്‍ട്ടുകളെയും അടിസ്ഥാനമാക്കി എഴുതിയതാണ് പരമ്പര.
മര്‍ക്കോസ് എബ്രഹാം, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, പി.വി.മുരുകന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
2025-26 ലെ മികച്ച പത്ര ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡിന് മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയിലെ ഫോട്ടോഗ്രാഫര്‍ ശ്രീലക്ഷ്മി ശിവദാസ് അര്‍ഹയായി.
പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ രാജന്‍ പൊതുവാള്‍, ബി.ജയചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകന്‍ പി.വി.മുരുകന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.
മലയാള മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന ദീര്‍ഘകാല സമരത്തിനിടയില്‍ ശ്രീലക്ഷ്മി ശിവദാസ് പകര്‍ത്തിയ ചിത്രത്തിനാണ് അവാര്‍ഡ്. സ്ത്രീയുടെ നിധിയായ തലമുടി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷം വളരെ വൈകാരികതയോടെ പകര്‍ത്തിയ ചിത്രമാണ് ശ്രീലക്ഷ്മിയുടേതെന്ന് ജൂറി വിലയിരുത്തി.
2025-26 ലെ മികച്ച ടി വി ക്യാമറാമാനുള്ള എ വി മുകേഷിന്റെ പേരിലുള്ള അവാര്‍ഡിന് എഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ കെ.ആര്‍.മുകുന്ദനാണ് അര്‍ഹനായത്. ഡോ.ടി.കെ സന്തോഷ് കുമാര്‍, ഡോ.എസ്.ആര്‍.സഞ്ജീവ്, ശ്രീ. പ്രമോദ് പി.എസ് എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് വിധിനിര്‍ണയം നടത്തിയത്.
കാട് എന്ന അനുഭവം വ്യത്യസ്തമാകുന്നതെങ്ങനെയെന്ന് ഒരു ഫോറസ്റ്റ് ഗാര്‍ഡിലൂടെ അതിനനുസൃതവും അനുപൂരകവുമായ ക്യാമറാക്കാഴ്ചകള്‍ വഴി അനാവൃതമാകുന്ന ദൃശ്യസമ്പന്നതയാണ് കെ.ആര്‍.മുകുന്ദന്റെ റിപ്പോര്‍ട്ട് സമ്മാനിക്കുന്നതെന്ന് ജൂറി വിലയിരുത്തി. ദൃശ്യഭാഷയില്‍ സാങ്കേതികമായും ക്രിയാത്മകമായും കൂടുതല്‍ മേന്മ പുലര്‍ത്തുന്നതാണ് ഇതെന്നും ജൂറി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, ട്രഷറര്‍ വി വിനീഷ്, ജൂറി മെമ്പര്‍ സെക്രട്ടറിയും ഐജെടി ഡയറക്ടറുമായ പി വി മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.
