വീണ്ടും സൈബര്‍ ആക്രമണത്തിന് സാഹചര്യം ഒരുക്കി’; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി അതിജീവിത1 min read

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ പ്രതിയായ രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവതി പരാതി നല്‍കിയത്.

ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പുതിയ പരാതി. അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുള്‍പ്പെടെ ആയിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത് എത്തിയതിന് പിന്നാലെ രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രതികരണമാണ് പരാതിക്ക് ആധാരം.

യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് യഥാര്‍ഥ ഇര എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രതികരണം. പോസ്റ്റില്‍ പരാതിക്കാരിയെ വ്യാജ പരാതിക്കാരി എന്നുള്‍പ്പെടെ രാഹുല്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. (വ്യാജ) പരാതിക്കാരിക്ക് അപ്പൊ ഭര്‍ത്താവുണ്ടോയെന്നും, ഒരു മാസത്തിനകം കല്യാണം ഒഴിഞ്ഞെങ്കില്‍ ഇപ്പോഴും ഭര്‍ത്താവ് എങ്ങനെ ഉണ്ടാകും എന്ന ചോദ്യവും രാഹുല്‍ ഉയര്‍ത്തിയിരുന്നു. താന്‍ മാത്രമാണ് നിങ്ങളോട് സത്യം പറയുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.

Leave a Reply